തിരുവനന്തപുരം മെഡിക്കൽ കോളജിൽ തോക്കുമായി യുവാവ്
text_fieldsതോക്കുമായി അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറിയയാളെ സുരക്ഷ ജീവനക്കാർ പിടികൂടിയപ്പോൾ
മെഡിക്കൽകോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയയാളെ സുരക്ഷ ജീവനക്കാർ പിടികൂടി.
ചോദ്യം ചെയ്യലിനിടെ, ഇയാൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനാണ് ഇയാൾ എത്തിയതെന്നാണ് സുരക്ഷ ജീവനക്കാരോട് പറഞ്ഞത്.
അത്യാഹിത വിഭാഗം കവാടത്തിൽ ഡ്യൂട്ടിക്കുനിന്ന സുരക്ഷ ജീവനക്കാരെ അവഗണിച്ച് ഇയാൾ അകത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സെക്യൂരിറ്റി ജീവനക്കാരി തടഞ്ഞപ്പോൾ ഇയാൾ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എയർ പിസ്റ്റൽ ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന്, ജീവനക്കാർ തോക്ക് പിടിച്ചുവാങ്ങി ചോദ്യം ചെയ്യുന്നതിനിടെ, ഇയാൾ ഓടിപ്പോയി.
ഇയാൾ കല്ലമ്പലം സ്വദേശിസതീഷ് സാവൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സർജന്റ് പ്രവീൺ രവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. തോക്കും പൊലീസിന് കൈമാറിയിട്ടുണ്ട്.

