മദ്യഷോപ്പ് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ കത്തി വീശി ആക്രമണം; അക്രമിയെ വെടിവെച്ച് പിടികൂടി
text_fieldsവെടിവെപ്പിൽ പരിക്കേറ്റ പ്രതി ആശുപത്രിയിൽ
ഗൂഡല്ലൂർ: സർക്കാർ മദ്യഷോപ് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച സംഘത്തിൽപ്പെട്ടയാളെ വെടിവെച്ച് പിടികൂടി. പാട്ടവൽ ഭാഗത്ത് താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി മണി എന്ന സാമ്പാർ മണിയെയാണ് (47) പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
തമിഴ്നാട് നീലഗിരി വയനാട് അതിർത്തിയിലെ നെലാകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കുന്നലാടി ഭാഗത്തെ മദ്യഷോപിലാണ് സംഭവം. ഇരുവരും വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് പ്രതികൾ കാറിലെത്തി മോഷണശ്രമം നടത്തിയത്. വിവരം ലഭിച്ചതോടെ രാത്രി പെട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. പൊലീസിനുനേർക്ക് കവർച്ചക്കാർ കത്തി വീശുകയും രണ്ടു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസുകാർ വെടിവെപ്പ് നടത്തിയത്.
മണിയുടെ വലതു കാലിന്‍റെ തുട ഭാഗത്താണ് വെടിയേറ്റത്. ക്രൈം വിഭാഗം കോൺസ്റ്റബിൾ ശിഹാബുദ്ധീൻ (47), അൻപഴകൻ (34) എന്നിവർക്ക് കൈയിലും ദേഹത്തുമാണ് പരിക്കേറ്റത്. ഇവരെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ല പൊലീസ് മേധാവി ഡോ. പ്രഭാകരന്റെ നേതൃത്വത്തിലെ പൊലീസ് സംഘം ആശുപത്രിയിലും സംഭവസ്ഥലത്തും എത്തി പ്രാഥമിക അന്വേഷണം നടത്തി. മണി ഗൂഡല്ലൂർ കാളമ്പുഴയിൽ മദ്യഷോപ്പിൽ മോഷണം നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.