വസ്ത്രത്തിൽ രക്തക്കറ, സമീപത്ത് വടിക്കഷണം; നിർത്തിയിട്ട ടിപ്പർ ലോറിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
text_fieldsമുഹമ്മദ് അഷീഫ്
കുമ്പള (കാസർകോട്): മഞ്ചേശ്വരം പൈവളികെ കയർ കട്ടയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്കകത്ത് ദുരൂഹ സാഹചര്യത്തിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ബായാർ പദവ് ക്യാംക്കോ കോമ്പൗണ്ടിന് സമീപം താമസിക്കുന്ന അബ്ദുള്ള - സക്കീന ദമ്പതികളുടെ മകൻ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പുലർച്ചെ രണ്ടു മണിയോടെ ഉപ്പളയിൽ നിന്ന് ഒരു ബന്ധു ഫോണിൽ വിളിച്ചതിനെ തുടർന്ന് ടിപ്പർ ലോറിയുമായി ഇറങ്ങിയതാണ് ഇയാളെന്നാണ് വിവരം. പിന്നീട് 3.20ഓടെ വഴിമധ്യേ കയർ കട്ടയിൽ ടിപ്പർ ലോറിക്കകത്ത് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. എത്തേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് ഉപ്പളയിൽ കാത്തുനിന്ന ബന്ധു അന്വേഷിച്ച് വന്നപ്പോഴാണ് കയർ കട്ടയിൽ ടിപ്പർ ലോറി നിർത്തിയിട്ട നിലയിലും ആസിഫിനെ അകത്ത് അവശനിലയിലും കണ്ടെത്തിയത്.
പിന്നീട് ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് ബന്ദിയോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ല സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ലോറിക്കകത്ത് ഒരു വടിക്കഷണം കാണപ്പെട്ടതും വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയതും ഇയാളുടെ ചെരുപ്പ് റോഡിൽ കാണപ്പെട്ടതും മരണത്തിൽ ദുരൂഹതക്ക് കാരണമായി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

