ആമ്പല്ലൂര്‍: അച്ഛനെ കൊന്നതിൻെറ പ്രതികാരം തീർക്കാൻ മകൻ കാത്തിരുന്നത് കാൽ നുറ്റാണ്ട്. ചെങ്ങാലൂര്‍ പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ രാഘവെൻറ മകന്‍ സുധനാണ് (54) പ്രതികാരത്തിന് ഇരയായത്. വരന്തരപ്പിള്ളി കീടായി രതീഷ് ആണ് സുധനെ കൊലപ്പെടുത്തിയത്.
28 വർഷം മുമ്പ് രതീഷിൻെറ അച്ഛൻ രവിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന കേസിലെ പ്രതിയാണ് സുധൻ. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിടുകയായിരുന്നു. ഇതിനുശേഷം നാട്ടിൽ തന്നെ കഴിഞ്ഞിരുന്ന സുധനെ കൊല്ലുമെന്ന് രതീഷ് പല തവണ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ഇത് നടപ്പാക്കിയതിൻെറ ഞെട്ടലിലാണ് നാട്ടുകാർ.
ചൊവ്വാഴ്ച വൈകീട്ട് ചെങ്ങാലൂര്‍ എടത്തൂട്ടുപാടത്ത് കള്ള് ഷാപ്പില്‍വെച്ചായിരുന്നു കൊലപാതകം. കള്ളു വാങ്ങാന്‍ വരിനിൽക്കുകയായിരുന്ന സുധനെ ഓട്ടോറിക്ഷയില്‍ എത്തിയ രതീഷ് തുരുതുരെ കുത്തുകയായിരുന്നു. കുത്തേറ്റു സുധൻ വീണയുടൻ ഓട്ടോയിൽ രതീഷും രണ്ട് കൂട്ടാളികളും സ്ഥലംവിട്ടു.
ഇവരെ പിന്നീട് വരന്തരപ്പിള്ളിയിൽ വെച്ച് പുതുക്കാട് പൊലീസ് അറസ്റ്റു ചെയ്തു. സുധൻെറ നെഞ്ചില്‍ ആഴത്തിലുള്ള എട്ടു കുത്തുകളുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു.