ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് മരണംവരെ തടവുശിക്ഷ
text_fieldsകുരുവി അന്തോണി
ചെറുതോണി (ഇടുക്കി): ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കല്ലിന് ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് മരണംവരെ തടവുശിക്ഷ. വട്ടവട ഗ്രാമപഞ്ചായത്ത് പഴത്തോട്ടം കോവിലൂർ സ്വദേശി കുരുവി എന്ന അന്തോണിയെയാണ് (32) പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് രണ്ട് ജീവപര്യന്തം തടവിനും 3.11 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പ്രതി മരണംവരെ ജയിലിൽ കഴിയണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കി.
2021 ആഗസ്റ്റ് നാലിനാണ് സംഭവം. പെൺകുട്ടിയെ വീടിന്‍റെ പരിസരത്തെ തേയിലത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ഒച്ചവെച്ച് പ്രതിരോധിച്ചപ്പോൾ കല്ലുകൊണ്ട് മുഖത്തടിച്ച് പരിക്കേൽപിച്ചു. 29 സാക്ഷികളെയും 35 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വിഡിയോയിൽ പകർത്തി ഹാജരാക്കിയിരുന്നു. കോടതിയിലെ വിചാരണ നടപടികളും വിഡിയോയിൽ പകർത്തി.
പിഴത്തുക പെൺകുട്ടിക്ക് നൽകണം. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോടും നിർദേശിച്ചു. 2021ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

