മാൻ ഓഫ് ദി സീരീസ്
text_fieldsഷാഫി പറമ്പിൽ എം.പി ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാർഥി ടി. സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
കോട്ടയം: കപ്പ് ആര് അടിച്ചാലും മികച്ച കളിക്കാരനുള്ള ട്രോഫിയുമായി വണ്ടി വിടുന്ന ചില കളിക്കാരുണ്ട്. കളിയുടെ ഗതി അപ്പാടെ മാറ്റിമറിക്കാൻ കരുത്തുള്ള ഇതിഹാസ പുരുഷന്മാർ. സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടാൽ രാഷ്ട്രീയത്തിലുമുണ്ട് ഇത്തരം അപൂർവ താരങ്ങൾ. ഒറ്റ വാക്കിൽ ആവേശത്തിന്‍റെ കടലിരമ്പം തീർക്കാൻ പോന്ന കരുത്തിന്‍റെ പ്രതീകങ്ങൾ. കുഴൽ വിളിയുടെ മാന്ത്രികനാദത്തിൽ തനിക്കു പിന്നാലെ കുഞ്ഞുങ്ങളുടെ സാഗരം തീർത്ത നാടോടിക്കഥയിലെ പൈഡ് പൈപ്പറിനെപ്പോലെ, വാക്കുകളുടെ ലഹരിയിൽ ആൾക്കടൽ സൃഷ്ടിച്ച് ആരവങ്ങളുടെ തിരമേളങ്ങൾ തീർക്കുന്നവർ.
മേയ് നാലിന് വോട്ടെണ്ണി, കേരളത്തിന്‍റെ അധികാര കസേരയിലേക്ക് ആരു ചുവട് വെച്ചാലും ഈ തെരഞ്ഞെടുപ്പിന്‍റെ താരം ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുണ്ടാവൂ; ഷാഫി പറമ്പിൽ. സംസ്ഥാന അധ്യക്ഷൻ പേരാവൂരിലെ തീപ്പോരിൽ കുരുങ്ങിപ്പോയപ്പോൾ കേരളമാകെ ഓടിനടന്ന് പാർട്ടിയുടെ പോർമുഖങ്ങളിൽ ആവേശലഹരി പടർത്തിയും അണികളിൽ വിജയതൃഷ്ണ ജ്വലിപ്പിച്ചും അയാൾ അക്ഷരാർഥത്തിൽ വർക്കിങ് പ്രസിഡന്‍റായി തിമിർക്കുകയാണ്.
മലബാറിന്‍റെ നാട്ടകങ്ങളിൽ യു.ഡി.എഫ് ക്യാമ്പുകളിൽ വിജയമോഹം പടർത്തിയ ഷാഫി ഷോകൾ എൽ.ഡി.എഫ് ഉറച്ചതെന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളിലും അവരുടെ നെഞ്ചിൽ ആശങ്കയുടെ തീ കോരിയിടാൻ പോന്നതായിരുന്നു. മിക്ക ജില്ലകളിലും ആറും ഏഴും നിയോജക മണ്ഡലങ്ങളിലാണ് സ്ഥാനാർഥികൾക്കൊപ്പം ഷാഫിയുടെ റോഡ് ഷോ വഴിയോരങ്ങളിൽ ജനത്തെ നിറച്ചു കടന്നുപോയത്. കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതെന്ന് കരുതിയ പൂഞ്ഞാറിൽപോലും ഷാഫി ഷോയ്ക്ക് ശേഷം അണികൾ പ്രതീക്ഷയിലാണ്. മലബാറിന്‍റെ വടക്കേയറ്റത്തും അനന്തപുരിയുടെ തെക്കേയറ്റത്തും ആ ഷോയ്ക്ക് ഒരേ ആളിരമ്പം. ഷാഫിയുടെ സമയം തേടി സ്ഥാനാർഥികളുടെ നിലയ്ക്കാത്ത ഫോൺ വിളികൾ. എങ്ങനെയും എത്താൻ ശ്രമിക്കാമെന്ന ഉറപ്പിൽ അവർക്ക് ആശ്വാസം.
പതിവിൽനിന്ന് വ്യത്യസ്തമായി രാവിലെ ഏഴരക്കും എട്ടിനുമൊക്കെ തുടങ്ങുന്ന റോഡ് ഷോകൾ മിക്ക ദിവസവും അർധരാത്രിയോടെയാണ് അവസാനിക്കുന്നത്. അപ്പോഴും രാഷ്ട്രീയ ലഹരിയുടെ വീര്യം ചോരാതെ അണികളും അതിനു തീ കോരിയിടാൻ പറ്റുന്ന വാക്കും പ്രവൃത്തികളുമായി നേതാവും തെല്ലും ക്ഷീണമില്ലാതെ ഉഷാറായി നിൽക്കുന്നുണ്ടാവും. പ്രവർത്തകരുടെ മനസ്സിൽ വിജയസ്വപ്നം നിറച്ചാവും മടക്കം. വടകര ലോക്സഭ മണ്ഡല പരിധിയിൽ തുടങ്ങിയ ഷാഫിയുടെ അശ്വമേധം പ്രചാരണ സമാപന ദിവസമായ ചൊവ്വാഴ്ച അവിടെത്തന്നെയാണു സമാപിക്കുക. അന്നു രാവിലെ 7.30ന് തിരുവമ്പാടി മണ്ഡലത്തിൽനിന്നാവും തുടക്കം. തിങ്കളാഴ്ച രാത്രി 12ന് സ്ഥാനാർഥി പി.വി അൻവറിനൊപ്പമുള്ള മിഡ്നൈറ്റ് മാർച്ച് ബേപ്പൂർ മണ്ഡലത്തിൽ ആവേശത്തീ പടർത്തുമെന്നാണു മുന്നണിയുടെ പ്രതീക്ഷ.
കിലിയൻ എംബാപെയുടെ കാൽക്കരുത്തിൽ ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ട 2018ൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനായിരുന്നു മികച്ച കളിക്കാരനുള്ള സ്വർണപ്പന്ത്. 2014ലും 2010ലും 2006ലുമെല്ലാം കപ്പിനൊപ്പമല്ല സ്വർണപ്പന്ത് പോയത്. എന്നാൽ, 2024ൽ കപ്പിനൊപ്പം മെസിയുടെ കൂടെ ബ്യൂണസ് ഐറിസിലേക്കായിരുന്നു സ്വർണപ്പന്തിന്‍റെ യാത്ര. ഇത്തവണ ഷാഫിയുടെ വിജയ തേരോട്ടത്തിനൊപ്പം യു.ഡി.എഫിന്‍റെ ഭരണവും കോൺഗ്രസ് പ്രവർത്തകർ സ്വപ്നം കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

