Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൻ തിരിച്ചുവരുമോ? മാതാപിതാക്കളുടെ കാത്തിരിപ്പിന് 25 വർഷം

text_fields
bookmark_border
മകൻ തിരിച്ചുവരുമോ? മാതാപിതാക്കളുടെ കാത്തിരിപ്പിന് 25 വർഷം
cancel
camera_alt

മുഹമ്മദ് സലീം

മലപ്പുറം: “ഞങ്ങളുടെ മോൻ എവിടെയാണ്? ഒരിക്കലെങ്കിലും അവൻ തിരിച്ചുവരുമോ? ഞങ്ങളുടെ കണ്ണടയുന്നതിന് മുമ്പ് അവനെ ഒരുനോക്ക് കാണാൻ കഴിയുമോ?” മകന്റെ പഴയൊരു ചിത്രം നെഞ്ചോട് ചേർത്ത്, അവന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വൃദ്ധ മാതാപിതാക്കൾ. കാൽനൂറ്റാണ്ടിലേറെയായി ഉള്ളിൽ നീറുന്ന വേദനയുമായി, പ്രിയപ്പെട്ട മകൻ മുഹമ്മദ് സലീമിനെ ഒരുനോക്ക് കാണാൻ കൊതിക്കുകയാണ് മങ്കട പള്ളിപ്പുറം പട്ടിയൽപറമ്പ് കരുവാരത്തൊടി കുഞ്ഞിമുഹമ്മദും ഭാര്യ ആയിശയും.

വർഷങ്ങളെത്ര കടന്നുപോയാലും മകൻ തിരിച്ചെത്തുമെന്ന ഇവരുടെ പ്രതീക്ഷക്ക് മങ്ങലേറ്റിട്ടില്ല. 2001ലെ ഒരു ദിവസം. കോഴിക്കോട്ടേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അന്ന് 29 വയസ്സുണ്ടായിരുന്ന സലീം വീട്ടിൽനിന്നിറങ്ങിയത്. പിന്നീട് ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. അന്ന് വീട്ടിൽനിന്നിറങ്ങിയ സലീം എവിടെയെത്തി, എന്ത് സംഭവിച്ചു, ഇന്ന് എവിടെയാണെന്നൊന്നും ആർക്കുമറിയില്ല.

റിട്ട. അധ്യാപകനായ കരുവാരത്തൊടി കുഞ്ഞിമുഹമ്മദിന്റെയും ആയിശയുടെയും ഒൻപത് മക്കളിൽ മൂന്നാമനാണ് സലീം. ബിരുദപഠന ശേഷം ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ പൂർത്തിയാക്കിയ സലീം, ഏതാനും വർഷം അബൂദബിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി തൊഴിൽ അന്വേഷിക്കുന്നതിനിടെയാണ് അപ്രത്യക്ഷനായത്. കോഴിക്കോട്ടുള്ള സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ സലീമിനെ പിന്നീട് കണ്ടെത്താനായില്ല. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ വീട്ടിൽത്തന്നെ വെച്ചാണ് പോയത്.

ബന്ധുക്കളും നാട്ടുകാരും പല സ്ഥലങ്ങളിലും അന്വേഷിച്ചു. കോഴിക്കോട് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചിരുന്ന കാലത്ത് സലീമുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും അന്ന് പഠിച്ചിരുന്ന സ്ഥാപനമായ ജെ.ഡി.ടി.യുമായി ബന്ധപ്പെട്ടവരെയും തിരയുകയാണ് കുടുംബം. ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സ് പൂർത്തിയാക്കിയശേഷം ജോലി ചെയ്തിരുന്ന കോഴിക്കോട് പാരമൗണ്ട് ടവറിലെ പഴയ സഹപ്രവർത്തകർക്കും സലീമിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്. എന്തെങ്കിലും വിവരം അറിയുന്നവർ 73560 25361, 96454 64725 നമ്പറുകളിൽ അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man missing
Next Story