പത്തനംതിട്ടയിൽ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി യുവാവിനെ കൊലപ്പെടുത്തി
text_fieldsഅമ്പാടി
റാന്നി: റാന്നി മന്ദമരുതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കാർ ദേഹത്തു കൂടി കയറ്റിയിറക്കി യുവാവിനെ കൊലപ്പെടുത്തി. കീക്കോഴൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന് അമ്പാടിയാണ്(23) കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വൈകിട്ട് റാന്നി ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പനശാലക്ക് മുന്നിൽ നിന്നാണ് സംഘട്ടനം തുടങ്ങിയത്. തുടർന്ന് മന്ദമരുതിയില്‍ വെച്ചും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മടങ്ങിപ്പോയ ഇരൂകൂട്ടരും രണ്ടു കാറുകളില്‍ കൂടുതൽ സംഘാംഗങ്ങളുമായി ഇതേ സ്ഥലത്ത് തിരിച്ചെത്തുകയായിരുന്നു.
ഒരു കാറില്‍ നിന്നും അമ്പാടി ഇറങ്ങി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിർ സംഘം വന്ന സ്വിഫ്റ്റ് കാര്‍ അമിതവേഗതയിലെത്തി യുവാവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. പരിക്കേറ്റ ഇയാളെ ഉടന്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിക്കപ്പ് വാഹനത്തില്‍ കൈതച്ചക്ക കച്ചവടമാണ് അമ്പാടിക്ക്.

