മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് യുവാവ് എടുത്ത് ചാടി; ജീവനക്കാര് രക്ഷപ്പെടുത്തി -VIDEO
text_fieldsതിരുവനന്തപുരം: മദ്യലഹരിയിൽ മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ മൃഗശാല ജീവനക്കാർ സാഹസികമായി രക്ഷിച്ചു. ഒറ്റപ്പാലം പാലപ്പുറം തോണിപ്പാടത്ത് വീട്ടിൽ മുരുകൻ (33) ആണ് ബുധനാഴ്ച രാവിലെ പതിനൊന്നോടെ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന തുറന്ന കൂട്ടിലേക്ക് ചാടിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച മുതൽ മുരുകനെ കാണാനില്ലെന്ന് വീട്ടുകാർ പത്രങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു.
ഒറ്റപ്പാലം പൊലീസിലും പരാതിപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സംഭവം. ചാടുന്നതിനിടെ കാലിന് പൊട്ടലേറ്റ മുരുകൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരം അറിയിച്ചതിനെ തുടർന്ന് ഇയാളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. മൃഗശാലയിലെ രണ്ടുവയസ്സുള്ള ഗ്രേസി എന്ന പെൺസിംഹത്തിെൻറ മുന്നിലേക്കാണ് ഇയാൾ ചാടിയത്. തുറന്ന കൂടിനു ചുറ്റമുള്ള കമ്പിവേലിയും 15 അടി താഴ്ചയുള്ള കിടങ്ങും കടന്നായിരുന്നു ചാട്ടം. ഇയാൾ കൂട്ടിനകത്ത് നിൽക്കുന്നതുകണ്ട കീപ്പർമാരും മറ്റ് സന്ദർശകരും തിരികെ കയറിവരാൻ പറഞ്ഞെങ്കിലും കൂട്ടാക്കാതെ മുരുകൻ അവിടെ നിലയുറപ്പിച്ചു.
ശ്വാസമടക്കിയാണ് അവിടെ നിന്നവർ ഇയാളുടെ സാഹസം കണ്ടത്. പിന്നീട് മുരുകൻ സിംഹത്തിെൻറ മുന്നിലേക്ക് നീങ്ങി. ഇതിനിടെ കീപ്പർമാർ അവിടെ നിന്ന് കല്ലും കമ്പും വലിച്ചെറിഞ്ഞു. ഇതോടെ സിംഹം മുകളിലേക്ക് പോയെങ്കിലും ഇയാൾ മുട്ടിലിഴഞ്ഞ് പിന്നാലെ പോയി. വിവരമറിഞ്ഞ് മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാറിെൻറ നിർദേശാനുസരണം സൂപ്പർ വൈസർ രാധാകൃഷ്ണെൻറ നേതൃത്വത്തിൽ എട്ട് ജീവനക്കാർ കൂട്ടിലേക്ക് കടന്ന് ഇയാളോട് തിരികെ വരാൻ ആവശ്യപ്പെട്ടു. ഞാൻ സചിൻ ടെണ്ടുൽകറിെൻറ ആളാണെന്നും സ്വാമിയാണെന്നും അതിനാൽ സിംഹം പിടിക്കില്ലെന്നും പറഞ്ഞ മുരുകൻ സിംഹത്തിനു സമീപം നിലയുറപ്പിച്ചു. സിംഹത്തിെൻറ ശ്രദ്ധതിരിച്ച ജീവനക്കാർ ഇയാളെ കീഴ്പ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു.
കീപ്പർമാരായ ഉദയലാൽ, ഷിജു, ബിജു, സനൽ, അർഷാദ്, അരുൺ, കിരൺ, രാജീവ് എന്നിവരാണ് ഇയാളെ രക്ഷിച്ചത്. ഉദയലാലിന് രക്ഷാപ്രവർത്തനത്തിനിടെ പരിക്കേൽക്കുകയും ചെയ്തു. ശാരീരിക വൈകല്യത്തോടെ ജനിച്ച ഗ്രേസിക്ക് മറ്റ് സിംഹങ്ങളുടേതുപോലെ ശൗര്യം കുറവായതും രക്ഷയായെന്ന് മൃഗശാല ഡോക്ടർ ജേക്കബ് അലക്സാണ്ടർ വ്യക്തമാക്കി. മന്ത്രി കെ. രാജു മൃഗശാല സന്ദർശിച്ച് രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
