ഭാര്യയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsകോഴിക്കോട്: പെരുന്നാൾ ദിവസം ഭാര്യയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കുന്ദമംഗലം തടമ്പാട്ടിൽതാഴം റംലയെ (41) വധിച്ച കേസിൽ പ്രതി മഞ്ചേരി തിരുവാലി നാസറിനെയാണ് (48) കോഴിക്കോട് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി കെ.എസ്. അംബിക ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് കൊല്ലംകൂടി തടവനുഭവിക്കണം. റിമാൻഡിൽ കഴിയുന്ന പ്രതിയുമായി വിഡിയോ കോൺഫറൻസിൽ ബന്ധപ്പെട്ടായിരുന്നു വിധി പ്രഖ്യാപനം.
2017 സെപ്റ്റംബർ ഒന്നിന് പെരുന്നാളിന് ജോലിക്ക് പോയതും പണിക്ക് പോകാതെ റംലയിൽനിന്ന് സ്ഥിരമായി പണം വാങ്ങുന്നതും മറ്റും പറഞ്ഞ് വാക്കേറ്റമുണ്ടായി കത്തികൊണ്ട് കുത്തിയും കൊടുവാൾകൊണ്ട് വെട്ടിയും കൊന്നുവെന്നാണ് കേസ്. റംല ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു തർക്കവും കൊലയും.
വാടകവീട്ടിൽ കഴിയുന്ന ഇവരുടെ ബഹളംകേട്ട് വീട്ടുടമയും അയൽക്കാരിയുമായ മറിയംബി ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച റംലയെയും കത്തിയുമായി നിൽക്കുന്ന നാസറിനെയും കണ്ടുവെന്നാണ് മൊഴി. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഈ മൊഴി നിർണായകമായി.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ. 31 സാക്ഷികളെ വിസ്തരിച്ച കേസിൽ 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷനായി ഹാജരാക്കി. ചേവായൂർ സി.ഐയായിരുന്ന കെ.കെ. ബിജു അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ല അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

