കണ്ണനല്ലൂർ (കൊല്ലം): സുഹൃത്തിനൊടൊപ്പം വീട്ടിൽ നിന്നു പോയ ശേഷം കാണാതായ ഗൃഹനാഥനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. നെടുമ്പന മുട്ടക്കാവ് വടക്കേതൊടി വീട്ടിൽ ഷൗക്കത്ത് അലിയെ (55) ആണ് അഞ്ചൽ മണലിൽ വെള്ളച്ചാലിലുള്ള റബ്ബർ തോട്ടത്തിലെ പൊട്ടകിണറ്റിൽ കൊന്ന് തള്ളിയ നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ വെള്ളച്ചാൽ സ്വദേശി ഷൈജുവിനെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇക്കഴിഞ്ഞ 28ന് രാവിലെ പത്തു മണിയോടെയാണ് മരം മുറി തൊഴിലാളി ഷൗക്കത്ത് അലിയെ ടാപ്പിങ് തൊഴിലാളി ഷൈജു വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപൊയത്. രണ്ടു ദിവസമായിട്ടും ഷൗക്കത്ത് അലി തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് ഭാര്യ ഉമൈറ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ആഗസ്റ്റ് 30ന് കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോയ ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച വിവരം പുറത്തറിയുന്നത്. തുടർന്ന് കണ്ണനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തി കിണറ്റിൽ നിന്ന് ഷൗക്കത്ത് അലിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.