കാളികാവിൽ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിൽ; പിടിയിലായത് ഗഫൂറിനെ കൊലപ്പെടുത്തി 58-ാം ദിവസം
text_fieldsകാളികാവ്: മലപ്പുറം കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി. ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊലപ്പെടുത്തി 58-ാം ദിവസമാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കേരള എസ്റ്റേറ്റിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി സുൽത്താന എസ്റ്റേറ്റിനുള്ളിലാണ് നിലവിൽ കടുവയുള്ളത്.
കടുവയെ നെടുങ്കയത്തേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അതേസമയം, കൂട്ടിലായ നരഭോജി കടുവയെ തുറന്നു വിടരുതെന്നും മൃഗശാലയിലേക്കോ മറ്റോ കടുവയെ മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രദേശവാസി വളർത്തിയിരുന്ന കാളയെ കടുവ കൊന്നിരുന്നു. കൂടാതെ, കടുവയുടെ കാൽപ്പാടുകൾ പ്രദേശങ്ങളിൽ നിന്ന് ദൗത്യസംഘം കണ്ടെത്തുകയും ചെയ്തു. കടുവയെ കണ്ടതായി നാട്ടുകാരും സ്ഥിരീകരിച്ചിരുന്നു.
മേയ് 15ന് രാവിലെ ഏഴു മണിയോടെയാണ് നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ ഗഫൂറിനെ കടുവ ആക്രമിച്ചത്. സൈലന്‍റ് വാലി ഡേറ്റാ ബേസിൽ ഉൾപ്പെടുന്ന കടുവയാണെന്ന് പിന്നീട് വനം വകുപ്പ് സ്ഥിരീകരിച്ചു. മേയ് 19ന് കാളികാവ് അടക്കാകുണ്ടിൽ നരഭോജി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കേരള എസ്റ്റേറ്റിന് സമീപത്തെ റോഡിലാണ് കാൽപ്പാടുകൾ പതിഞ്ഞിരുന്നത്.
ഇതേതുടർന്ന് കടുവയെ പിടികൂടാൻ പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർ.ആർ.ടി സംഘങ്ങളെ നിയോഗിക്കുകയും പ്രത്യേക കൂട് സ്ഥാപിക്കുകയും വനം വകുപ്പ് ചെയ്തു. അതിനിടെ വനം വകുപ്പിന്‍റെ കൂട്ടിൽ ഒരു പുലി കുടുങ്ങുകയും ചെയ്തിരുന്നു.
കടുവയുടെ സാന്നിധ്യം മനസിലാക്കാനായി അടക്കാകുണ്ട് റാവുത്തൻ കാട്ടിൽ റിയൽ ടൈം മോണിറ്ററിങ്, ലൈവ് സ്ട്രീം കാമറ സ്ഥാപിച്ചിരുന്നു. നിലവിലെ 50 കാമറകൾക്ക് പുറമെയാണ് കടുവ സാന്നിധ്യം ലൈവായി അറിയാൻ സാധിക്കുന്ന റിയൽ ടൈം മോണിറ്ററിങ് കാമറകൾ സ്ഥാപിച്ചിരുന്നത്.
കടുവയുടെ ആക്രമണത്തിൽ ഗഫൂർ കൊലപ്പെട്ടതിന് പിന്നാലെ പരസ്യ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. പൊലീസിലും ഫോറസ്റ്റ് വകുപ്പിലും പല തവണ പരാതി കൊടുത്തിട്ടും ഒരു നടപടിയുമില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

