ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽവീണ് യുവാവ് മരിച്ചു
text_fieldsആലപ്പുഴ: കനത്തമഴയിൽ, മൂടിയില്ലാതെ മലിനജലം നിറഞ്ഞ ഓടയിൽവീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് മുനിസിപ്പൽ കോളനി 43ാം നമ്പർ വീട്ടിൽ പരേതനായ തങ്കച്ചന്റെ മകൻ മഹേഷ് (ബോബൻ-45) ആണ് മരിച്ചത്.
ചാത്തനാട് മുനിസിപ്പൽ കോളനി-കവിത ഐ.ടി.ഐ റോഡിലെ കാടൂമൂടിയ ഓടയിലേക്കാണ് കാൽവഴുതി വീണത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഓടക്ക് മൂടിയും കൈവരിയുമില്ലാത്തതിനാൽ സമീപവാസികളടക്കം രാത്രി ആരും അറിഞ്ഞില്ല. പുലർച്ച 1.50ന് സമീപത്തെ ഹോംസ്റ്റേയിലെത്തിയവരാണ് ഓടയിൽ ഒരാൾ കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിച്ചു.
ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി കരക്കെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് മരപ്പണിക്കാരനായ ബോബൻ വീട്ടിൽനിന്നിറങ്ങിയത്. ഈസമയം മഴയുണ്ടായിരുന്നു. വീട്ടിൽനിന്ന് 200 മീറ്റർ മാറിയായിരുന്നു അപകടം. നേരം പുലർന്ന ശേഷമാണ് വീട്ടുകാരും നാട്ടുകാരും വിവരം അറിഞ്ഞത്.
ഭാര്യ: പ്രിയ. മാതാവ്: ശ്യാമള. സഹോദരൻ: പോൾ (പോളൂട്ടി). മൃതദേഹം ആലപ്പുഴ മൗണ്ട്കാർമൽ കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

