കുഴഞ്ഞുവീണ യാത്രക്കാരനെ ബസ്‍സ്റ്റോപ്പിൽ ഉപേക്ഷിച്ച് ബസ് വിട്ടു; ദാരുണാന്ത്യം
text_fieldsബസ് യാത്രക്കിടെ കുഴഞ്ഞ് വീണ് മരിച്ച സിദ്ദീഖ്
അഞ്ചൽ: ബസ് യാത്രികനായ ലോട്ടറി ടിക്കറ്റ് കച്ചവടക്കാരനെ ദേഹാസ്വാസ്ഥ്യം വന്നതിനെത്തുടർന്ന് ബസ് ജീവനക്കാർ വഴിയരികിലെ ബസ്‍സ്റ്റോപ്പിൽ ഇറക്കിക്കിടത്തിയ ശേഷം ബസ് വിട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് യാത്രക്കാരനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ഇടുക്കി പള്ളിവാസൽ ചിത്തിരപുരം പവർഹൗസ് വെട്ട്കല്ലുമ്മുറിയിൽ എ.എം സിദ്ദീഖ് (61) ആണ് ദാരുണമായി മരിച്ചത്. ലോട്ടറി വില്പനക്കാരനായിരുന്നു. ആയൂർ-അഞ്ചൽ - ഏരൂർ -വിളക്കുപാറ റൂട്ടിൽ സർവിസ് നടത്തുന്ന ലക്ഷ്മി എന്ന പ്രൈവറ്റ് ബസിൽനിന്നാണ് ജീവനക്കാർ യാത്രികനെ വഴിയിൽ ഉപേക്ഷിച്ച് കടന്നത്.
വെള്ളിയാഴ്ച ഉച്ച രണ്ടരയോടെയാണ് സംഭവം. വിളക്കുപാറയിൽ നിന്നും അഞ്ചലിലേക്ക് വന്ന ബസ്സിലെ യാത്രക്കാരനായിരുന്നു സിദ്ദീഖ്. മുഴതാങ്ങി പ്രദേശത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥാവും ഛർദ്ദിയും ഉണ്ടായി. ഉടൻ തന്നെ ബസ് ജീവനക്കാർ ബസ് നിർത്തി സിദ്ദീഖിനെ സമീപത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച ശേഷം ബസ് വിട്ടുപോകുകയായിരുന്നു.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന പരിസരവാസിയായ ആൾ സിദ്ദീഖിനെ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗം ഷൈൻ ബാബുവിനെ വിവരമറിയിച്ചു. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് ഏരൂർ പൊലീസ് സ്ഥലത്തെത്തി സിദ്ദീഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ഏറെ നാളായി ഈ ബസിൽ യാത്ര ചെയ്ത് ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്നയാളാണ് സിദ്ദീഖ്. ആയൂരിൽ വാടക വീട്ടിലാണ് താമസം. ബസ് ജീവനക്കാരുടെ മനുഷ്യത്വരഹിതമായി നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസ് തടഞ്ഞിട്ടു. ഏരൂർ പൊലീസ് വാഹനവും ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.