കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
text_fieldsഅബ്ദുൽ ഹമീദ്
അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ പാലപ്പറ്റയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരീക്കോട് പെരുമ്പറമ്പ് സ്വദേശി പൂവഞ്ചേരി മണ്ണിൽ അബ്ദുൽ ഹമീദാണ് (71) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
ബൈക്കിൽ അരീക്കോട് ഭാഗത്തുനിന്ന് എടവണ്ണയിലേക്ക് പോകുന്നതിനിടെ, റോഡിനോട് ചേർന്ന തോട്ടത്തിൽനിന്ന് പന്നി റോഡിലേക്ക് ചാടി ഇടിച്ചുവീഴ്ത്തുകയായിരുന്നു. അതുവഴി വന്ന മേലാറ്റൂർ പൊലീസും നാട്ടുകാരും ചേർന്ന് എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് അരീക്കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. ഭാര്യ: സുഹ്റ. മക്കൾ: നബീൽ, ഫർസാന, റമീസ്, ലുബീബ്. മരുമക്കൾ: അക്ബർ, ഷംന, ഫസ്ന, സുഹൈറ ജെബിൻ. പാലപ്പറ്റ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

