'റോഡിൽ മുറിവേറ്റ് കിടക്കുന്ന പൂച്ചകളേയും നായകളേയും എടുത്തുകൊണ്ടുപോയി വീടിന്റെ മുകൾ നിലയിൽ താമസിപ്പിച്ച് ശുശ്രൂഷിക്കും'; പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച സിജോ വലിയ മൃഗസ്നേഹി
text_fieldsതൃശൂർ: മണ്ണുത്തിയിൽ റോഡിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) നാട്ടുക്കാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വളർത്തുമൃഗങ്ങളോടുള്ള സിജോയുടെ സ്നേഹത്തെ കുറിച്ചുമാത്രമാണ് നാട്ടുകാർക്ക് പറയാനുള്ളത്.
റോഡിൽ പരിക്ക് പറ്റിയും മറ്റും കിടക്കുന്ന പൂച്ചകളേയും നായകളേയുമെല്ലാം വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിക്കുകയും അവയ്ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു സിജോക്ക്.
പരിക്ക് പറ്റികിടക്കുന്ന മൃഗങ്ങളെ എടുത്തുകൊണ്ടുപോയി വീടിന് മുകളിലെ നിലയിൽ താമസിപ്പിച്ച് പരിചരണം നൽകുമായിരുന്നു. അവിവാഹിതാനായ സിജോ വീട്ടിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നു. മൃഗ സ്നേഹിയായ സിജോയുടെ മരണവാർത്ത നാട്ടുകാരെ കണ്ണീരിലാഴ്ത്തിരിക്കുകയാണ്.
വീട്ടിൽ നിന്ന് നൂറുമീറ്റർ മാത്രം ദൂരമുള്ള കാളന്തോട് ജങ്ഷനിൽ ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു അപകടം. തിരക്കേറിയ റോഡിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽ പോകുകയായിരുന്ന സിജോ വണ്ടി നിർത്തി റോഡിന് നടുവിലേക്ക് ഓടുകയായിരുന്നു.
ഓടല്ലേടാ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന ലോറി സിജോയെ തട്ടി തെറിപ്പിച്ചു. റോഡിലേക്ക് വീണതിന് പിന്നാലെ എതിർ ദിശയിലെത്തിയ കാറും ദേഹത്ത് ഇടിച്ചുകയറി. ഇതിനിടെ പൂച്ച റോഡിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സിജോ തല്‍ക്ഷണം മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

