കുവൈത്തിൽ തടവിലാക്കി പണവും ആധാരവും തട്ടിയെടുത്തെന്ന പരാതിയിൽ വാദി പ്രതിയാവും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഭർത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയിൽനിന്ന് പണവും ആഭരണങ്ങളും ആധാരവും കവർന്നെന്ന പരാതിയിൽ വാദി പ്രതിയാവും. കോഴിക്കോട് പേരാമ്പ്രക്കടുത്ത ചെമ്പ്ര ഭഗവതികണ്ടി സഫിയയാണ് (45) ഭർത്താവ് യൂസുഫിനെ കുവൈത്തിൽ തടവിലാക്കിയതായി പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പണം അപഹരിച്ച കേസിൽ യൂസുഫിന് യാത്രാവിലക്കും ജയിൽശിക്ഷയും ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ചെറിയ വരുമാനക്കാരനായ യൂസുഫ് കഴിഞ്ഞ ആറു വർഷത്തിനിടെ ഭീമമായ തുക നാട്ടിലയച്ചതിെൻറ രേഖകളും മറ്റുതെളിവുകളും ഇയാൾക്ക് കുരുക്കാവും. നാദാപുരം സ്വദേശി മുഹമ്മദിെൻറ കടയിലെ കാഷ്യറായിരുന്ന യൂസുഫ് ആറു വർഷത്തിനിടെ പലപ്പോഴായി കവർന്ന പണം തിരിച്ചുകിട്ടുന്നതിനായി മധ്യസ്ഥശ്രമത്തിെൻറ ഭാഗമായാണ് സ്ഥലവും കെട്ടിടവും രജിസ്റ്റർ ചെയ്തുകൊടുക്കാമെന്ന് വ്യവസ്ഥയുണ്ടാക്കിയതെന്നാണ് അറിയുന്നത്.
തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും താൻ മുഹമ്മദിെൻറ കടയിൽനിന്ന് ശമ്പളം കൂടാതെ 63,47,180 രൂപ എടുത്തതായും യൂസുഫ് എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. 140 ദീനാർ ശമ്പളമുള്ള യൂസുഫിന് ഇത്രയും തുക നാട്ടിലയക്കാൻ ഒരിക്കലും കഴിയില്ല. ഇദ്ദേഹം കുറ്റസമ്മതം നടത്തുന്നതിെൻറ വിഡിയോ, ഒാഡിയോ റെക്കോർഡുകളും എക്സ്ചേഞ്ച് മുഖാന്തരം പണമയച്ചതിെൻറ രേഖകളുമുണ്ട്. തനിക്ക് ഇക്കാലമത്രയും ശമ്പളം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്നും യൂസുഫ് രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. ഇത് ഇയാൾ എംബസിയിലും സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് എംബസി ഭാര്യ സഫിയക്കും മുഖ്യമന്ത്രിക്കും മറുപടി അയച്ചു. യൂസുഫിനെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ ഒരു തെളിവും ഇയാളുടെ പക്കൽ ഇല്ലെന്നും പണം അപഹരിച്ച കാര്യവും എംബസിയുടെ മറുപടിയിൽ പറയുന്നുണ്ട്.
തന്നെ അപമാനിക്കരുതെന്ന യൂസുഫിെൻറ അഭ്യർഥന മാനിച്ചാണ് നഷ്ടപ്പെട്ട തുകക്ക് പകരമായി സ്ഥലം എഴുതി നൽകാമെന്ന വ്യവസ്ഥയിൽ മുഹമ്മദ് ഇതുവരെ കേസ് നൽകാതിരുന്നത്.
നാട്ടിൽ കേസ് കൊടുക്കുകയും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും ചെയ്തതിനെ തുടർന്ന് മുഹമ്മദ് തെളിവുകൾ സഹിതം കുവൈത്തിലെ ശർഖ് പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
