Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ ഫോണ്‍കോള്‍ കട്ട്...

‘ഈ ഫോണ്‍കോള്‍ കട്ട് ചെയ്താൽ ഞാന്‍ മരിക്കും’ -പൊലീസിനെ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി

text_fields
bookmark_border
‘ഈ ഫോണ്‍കോള്‍ കട്ട് ചെയ്താൽ ഞാന്‍ മരിക്കും’ -പൊലീസിനെ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി
cancel

തിരുവനന്തപുരം: പൊലീസ് കള്ളക്കേസ് എടുത്ത് ജയിലിലടച്ചുവെന്നും മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ചുവെന്നും സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞ യുവാവ് ആത്മഹത്യചെയ്തു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ്(28) വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് വിളിച്ച് മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ച ശേഷം തൂങ്ങിമരിച്ചത്.

ഗർഭിണിയായ ത​ന്റെ ഭാര്യയെ മർദിക്കുകയും വയറ്റത്ത് തൊഴിച്ച് ഗർഭസ്ഥ ശിശുവിനെ അപായപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചയാളെ തടഞ്ഞ സംഭവത്തിൽ പരാതിപ്പെട്ടപ്പോൾ തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നാണ് അമല്‍ജിത്ത് ഫോണിൽ പറഞ്ഞത്. ഇടുക്കി തൊടുപുഴ പൊലീസാണ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച​തെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നുമാണ് അമല്‍ജിത്തിന്റെ ആരോപണം. ‘ പക്ഷപാതമുള്ളൊരു കേസ് എന്റെ തലയില്‍ കെട്ടിവെച്ചു. അതുകൊണ്ട് ഞാന്‍ മരിക്കാന്‍ പോവുകയാണ്’ എന്നാണ് പൊലീസുകാരനോട് യുവാവ് ഫോണിൽ പറയുന്നത്. ഫോണ്‍ കോള്‍ കട്ടാക്കിയ ശേഷം എല്ലാവര്‍ക്കും ഇതിന്റെ റെക്കോഡിങ് അയച്ചുകൊടുത്ത് താന്‍ മരിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് അതുപോലെ ചെയ്തു. വെങ്ങാനൂര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തും മുന്‍പേ യുവാവ് തൂങ്ങിമരിച്ചിരുന്നതായാണ് വിവരം.

അമൽജിത്ത് രണ്ട് വിവാഹം കഴിച്ചിരുന്നു. ഇതിൽ രണ്ടാംഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആദ്യഭര്‍ത്താവ് ആക്രമിച്ചതാണ് കേസിന് ഇടയാക്കിയത്. ഭാര്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഈ സംഭവത്തില്‍ തനിക്കെതിരേ മാത്രം തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസെടുത്തെന്നുമാണ് അമല്‍ജിത്ത് പറയുന്നത്. തന്റെ ഫോണ്‍കോള്‍ മരണമൊഴിയായി രേഖപ്പെടുത്തണമെന്നും യുവാവ് പറഞ്ഞിരുന്നു.

ഫോണില്‍ സംസാരിച്ച പൊലീസുകാരന്‍ യുവാവിനെ ആശ്വസിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഫോൺകോളിൽ കേൾക്കാം. ‘നിങ്ങള്‍ക്കെതിരേ ഒരാള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ മക്കളെ ആരാണ് നോക്കുക’ എന്ന് പൊലീസുകാരൻ ചോദിക്കുമ്പോൾ ‘ചെയ്യാത്ത കുറ്റത്തിന് ഞാന്‍ 49 ദിവസം ജയിലില്‍ കിടന്നു. 49 ദിവസം എന്നെ ജയിലിലാക്കിയതും 17 ദിവസം എന്നെ മാനസികരോഗ ആശുപത്രിയിലാക്കിയതും തിരിച്ചുകിട്ടുമോ. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ മൂന്ന് മക്കള്‍ക്കും ആവശ്യമുള്ള പഠിപ്പിനുള്ള കാര്യവും ഭക്ഷണത്തിനുള്ള കാര്യവും നല്‍കണം. എന്റെ മക്കളെ എന്റെ സര്‍ക്കാര്‍ നോക്കും സാറേ’ എന്നാണ് അമൽജിത്ത് മറുപടി പറയുന്നത്.

ഫോണ്‍സംഭാഷണത്തില്‍നിന്ന്:-

അമല്‍ജിത്ത്: എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോളാണ്

പൊലീസുകാരന്‍: എന്തുപറ്റി

അമല്‍ജിത്ത്: സാറേ, എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെന്ന് പറഞ്ഞാല്‍, ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പോലീസ് എന്റെയൊരു കാര്യത്തില്‍, എന്റെ ജീവിതത്തില്‍ പക്ഷപാതമുള്ളൊരു കേസ് എന്റെ തലയില്‍ കെട്ടിവെച്ചു. അതുകൊണ്ട് ഞാന്‍ മരിക്കാന്‍ പോവുകയാണ്.

പോലീസുകാരന്‍: എവിടെയാണ്, ഏത് സ്‌റ്റേഷനിലെ ആള്‍ക്കാരാണ് നിങ്ങള്‍ക്കെതിരേ പ്രശ്‌നമുണ്ടാക്കിയത്?

അമല്‍ജിത്ത്: തൊടുപുഴ സ്റ്റേഷനിലെ ആള്‍ക്കാരാണ്. ഇടുക്കി തൊടുപുഴ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് എന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്

പൊലീസുകാരന്‍: നിങ്ങള്‍ താമസിക്കുന്നത് തിരുവനന്തപുരത്താണോ?

അമല്‍ജിത്ത്: അതെ, എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍, വയറ്റിലുണ്ടായിരുന്ന എന്റെ കുഞ്ഞിനെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാന്‍ എതിര്‍ത്തുമാറ്റി. ആ പേരില്‍ എന്റെ ഭാഗത്തേക്ക് മാത്രം കേസെടുത്തു. സാര്‍ ഇത് എന്റെ മരണമൊഴിയായി രേഖപ്പെടുത്തണം.

പൊലീസുകാരന്‍: ഇപ്പോള്‍ ഇങ്ങനെ സംഭവിക്കേണ്ട കാര്യമെന്താണ്? അടിയും പ്രശ്‌നവുമെല്ലാം ഉണ്ടാകാന്‍ കാരണമെന്താണ്?

അമല്‍ജിത്ത്: എന്റെ രണ്ടാമത്തെ ഭാര്യ ആദ്യം ഒരു കല്യാണം കഴിഞ്ഞു.

പൊലീസുകാരന്‍: നിങ്ങള്‍ക്ക് രണ്ടുഭാര്യമാരുണ്ടോ?

അമല്‍ജിത്ത്: ആ.. എനിക്ക് ആദ്യത്തേതില്‍ രണ്ട് കുഞ്ഞുങ്ങളുണ്ട്. രണ്ടാമത്തെ ഭാര്യയില്‍ ഒരു കുഞ്ഞുണ്ട്.

പൊലീസുകാരന്‍: ആ. എന്നിട്ട് ഇപ്പോള്‍ പ്രശ്‌നം ഏത് ഭാര്യയുമായിട്ടാണ്?

അമല്‍ജിത്ത്: ഭാര്യയുമായിട്ടല്ല പ്രശ്‌നം. ഭാര്യയുടെ ആദ്യത്തെ ഭര്‍ത്താവ് എന്റെ ജീവിതം നശിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചു. അപ്പോള്‍ ഞാന്‍ മരണത്തിന് കീഴടങ്ങുകയാണ്.

പൊലീസുകാരന്‍: നിങ്ങള്‍ മരിക്കാനുള്ള കാരണം എന്താണ്

അമല്‍ജിത്ത്: പോലീസ് പക്ഷപാതംനിന്ന് കേസെടുത്തത് കൊണ്ട് മാത്രമാണ്

പൊലീസുകാരന്‍: അങ്ങനെയാണെങ്കില്‍ നമുക്ക് മറ്റുമാര്‍ഗങ്ങളില്ലേ, നിങ്ങള്‍ മരിച്ചുപോയാല്‍ അതില്‍ ആരാണ് നടപടിയെടുക്കുക.

അമല്‍ജിത്ത്: ഞാന്‍ മരിച്ചുപോയി കഴിഞ്ഞാലും ഇവിടുത്തെ നിയമം.

പൊലീസുകാരന്‍: നിങ്ങള്‍ക്കെതിരേ ഒരാള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കെതിരേ പരാതി കൊടുക്കുക.

അമല്‍ജിത്ത്: സാര്‍ ചെയ്യാത്ത കുറ്റത്തിന് ഞാന്‍ 49 ദിവസം ജയിലില്‍ കിടന്നു. 49 ദിവസം എന്നെ ജയിലിലാക്കിയതും 17 ദിവസം എന്നെ മാനസികരോഗ ആശുപത്രിയിലാക്കിയതും തിരിച്ചുകിട്ടുമോ. നഷ്ടപ്പെട്ടുപ്പോയ എന്റെ ഇമാജിനേഷന്‍ എനിക്ക് തിരിച്ചുകിട്ടുമോ. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ മൂന്ന് മക്കള്‍ക്കും ആവശ്യമുള്ള പഠിപ്പിനുള്ള കാര്യവും ഭക്ഷണത്തിനുള്ള കാര്യവും നല്‍കണം. ഞാന്‍ മരിക്കും സാറേ. ഈ ഫോണ്‍കോള്‍ കട്ട് ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ മരിക്കും.

പൊലീസുകാരന്‍: നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ മക്കളെ ആരാണ് നോക്കുക

അമല്‍ജിത്ത്: എന്റെ മക്കളെ എന്റെ സര്‍ക്കാര്‍ നോക്കും സാറേ. ദൈവം അനുഗ്രഹിക്കട്ടെ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾഫ്രീ നമ്പർ: 1056, 0471-2552056)

Show Full Article
TAGS:obituary kerala police crime fake case 
News Summary - Man committed suicide after calling police control room
Next Story