ഡ്രൈവർ അറിയാതെ ലോറിപ്പുറത്ത് യാത്ര; ഒടുവിൽ പൊലീസ് പിടിയിൽ
text_fieldsവൈത്തിരി: മൈസൂരുവിൽനിന്നു പുറപ്പെട്ട ചരക്കുലോറിയിൽ ഡ്രൈവർ അറിയാതെ കയറിപ്പറ്റി യ യുവാവ് ലക്കിടിയിൽ പിടിയിലായി. കോഴിക്കോട് ചേവായൂർ സ്വദേശി ശ്രീജിത്ത് (26) ആണ് ലക്കിടി കവാടത്തിൽ പരിശോധനക്കിടെ പിടിയിലായത്. ചൊവ്വാഴ്ച മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ലോറിപ്പുറത്ത് ഡ്രൈവർ അറിയാതെ കയറിപ്പറ്റുകയായിരുന്നു.
മുത്തങ്ങയിലെ പരിശോധനയിൽ ഇദ്ദേഹം ലോറിക്കു മുകളിലുള്ളത് ശ്രദ്ധയിൽപെട്ടില്ല. എന്നാൽ ലക്കിടിയിൽ പരിശോധനക്ക് വേണ്ടി നിർത്തിയ ലോറിയിൽനിന്നു സ്ഥലമേതെന്നറിയാതെ ഇദ്ദേഹം ഇറങ്ങി. തിരിച്ചു കയറും മുമ്പേ ലോറി പോകുകയും ചെയ്തു. റോഡരികിൽ സംശയാസ്പദമായി നിൽക്കുന്നതുകണ്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്.
മൈസൂരു മാർക്കറ്റിലെ ജീവനക്കാരനെന്നാണ് പറയുന്നത്. വൈത്തിരി പൊലീസ് കേസെടുത്തു. പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. ഇദ്ദേഹത്തിനെതിരെ പന്തീരാങ്കാവ് സ്റ്റേഷനിൽ ബൈക്ക് കത്തിച്ച കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
