വെമ്പായത്ത് ബാറില്‍ അക്രമി തീകൊളുത്തിയയാൾ മരിച്ചു
text_fieldsവെഞ്ഞാറമൂട് (തിരുവനന്തപുരം): വെമ്പായത്ത് ബാറില്‍ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരിക്കെ മരിച്ചു. വെമ്പായം കാരംകോട് കുട്ടതട്ടി നവാസ് മന്‍സിലില്‍ നവാസാണ്(34) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതര മണിയോടെ വെമ്പായത്തുള്ള വെമ്പായം ഹോട്ടല്‍ ആൻഡ് റിസോര്‍ട്ട്സിനോടനുബന്ധിച്ചുള്ള ബാറിലായിരുന്നു സംഭവം.
മദ്യപിക്കുന്നതിനിടെ നവാസിനൊപ്പം ഉണ്ടായിരുന്നവരില്‍ ഒരാളും ബാറിലുണ്ടായിരുന്ന അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് മാറി. തുടര്‍ന്ന് പുറത്ത് പോയ അനീഷ് അല്പസമയം കഴിഞ്ഞ കന്നാസില്‍ പെട്രോളുമായി എത്തി. വാക്കുതര്‍ക്കമുണ്ടായ ആള്‍ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ പെട്രോള്‍ വീശിയൊഴിച്ച ശേഷം ലൈറ്റര്‍ തെളിച്ച് തീ കത്തിക്കുകയും ചെയ്തു. നവാസിനും അനീഷിനും ഉൾപ്പെടെ അഞ്ച്പേർക്ക് പൊള്ളലേറ്റു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസും നെടുമങ്ങാട് അഗ്‌നി രക്ഷാ സേനയും ചേര്‍ന്നാണ് ബാറിനുള്ളിലെ തീ നിയന്ത്രണ വിധേയമാക്കിയതും പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അനീഷിനും നവാസിനും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന നവാസ് തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെട്ടു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. സംസ്‌കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

