കടിച്ച അണലിക്കുഞ്ഞിനെ പിടിച്ചു ചവച്ചു, മുഖത്ത് കിട്ടിയത് പത്ത് കൊത്ത്; വയോധികൻ മരിച്ചു
text_fieldsപട്ന: തന്റെ കാലിൽ കടിച്ച അണലിക്കുഞ്ഞിനെ മദ്യലഹരിയിൽ പിടിച്ചു തിരികെ കടിച്ചയാൾ മരിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലാണ് സംഭവം. രാമ മഹ്തോ (65) ആണ് മരിച്ചത്. ഞായറാഴ്ച മദ്യപിച്ച് വീടിനുമുന്നിൽ ഇരിക്കുേമ്പാൾ മഹ്തോയുടെ കാലിൽ അണലിക്കുഞ്ഞ് കടിക്കുകയായിരുന്നു. ഈ അണലിക്കുഞ്ഞിനെ മഹ്തോ പിടികൂടുകയും തിരിച്ചുകടിക്കുകയും ചെയ്തു.
പാമ്പിൻകുഞ്ഞിനെ കൊല്ലാനായി മഹ്തോ അതിനെ ചവക്കുകയും ചെയ്തു. ഈ സമയത്ത് പത്തിലേറെ തവണ പാമ്പ് മഹ്തോയുടെ മുഖത്ത് കൊത്തി. ഇതുവക വെക്കാതെ അണലിക്കുഞ്ഞിനെ കൊന്ന ശേഷം മഹ്തോ വീടിനു സമീപത്തുള്ള മരക്കൊമ്പിൽ അതിനെ തൂക്കിയിടുകയും ചെയ്തു. വിഷപ്പാമ്പായതിനാൽ ആശുപത്രിയിൽ പോകാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും കുഞ്ഞുപാമ്പ് ആയതിനാൽ വിഷമുണ്ടാകില്ല എന്നുപറഞ്ഞ് മഹ്തോ വഴങ്ങിയില്ലെന്ന് ചാന്ദി പൊലീസ് പറയുന്നു. തുടർന്ന് രാത്രി ഉറങ്ങാൻ കിടന്ന മഹ്തോ തിങ്കളാഴ്ച പുലർച്ചെ ഉണർന്നില്ലെന്ന് മധോദേഹ് പഞ്ചായത്ത് സമിതി പ്രസിഡന്റ് ഭൂഷൺ പ്രസാദ് പറഞ്ഞു.

