മുത്തശ്ശിയെ അടിക്കുന്ന വിഡിയോ വൈറലായി; 41കാരൻ കൊച്ചുമകനെതിരെ കേസ്
text_fieldsമാവേലിക്കര: മുത്തശ്ശിയെ അടിക്കുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 41കാരനായ കൊച്ചുമകനെതിരെ പൊലീസ് കേസ് എടുത്തു. തഴക്കര അറുന്നൂറ്റിമംഗലം തുണ്ടയ്യത്ത് ചെല്ലപ്പൻപിള്ളയുടെ ഭാര്യ നൂറേക്കറിലെ മുൻ തൊഴിലാളി രത്നമ്മയെ (87) മർദിക്കുന്ന വിഡിയോയാണ് കഴിഞ്ഞദിവസം രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
വിഡിയോ ശ്രദ്ധയിൽപെട്ട മാവേലിക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ സാബു ജോർജിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. കൊച്ചുമകൻ ശ്രീകുമാർ (41) തന്നെ മർദിച്ചതിൽ പരാതിയില്ലെന്ന നിലപാടാണ് രത്നമ്മ സ്വീകരിച്ചത്.
പ്രദേശത്ത് വിവരങ്ങൾ തിരക്കിയ പൊലീസ് നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രത്നമ്മയുടെ മകൾ ശ്യാമളയുടെ മകനായ ശ്രീകുമാറിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഉത്സവം കാണാൻ പോകാൻ 500 രൂപ ചോദിച്ചിട്ട് കൊടുക്കാത്തതിെൻറ വിരോധത്തിലാണ് രത്നമ്മയെ ശ്രീകുമാർ മർദിച്ചത്. വെൽഡിങ് ജോലി ചെയ്യുന്ന ശ്രീകുമാർ സ്ഥിരമായി മുത്തശ്ശിയെ മർദിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
