അമ്മയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsരത്നാകരൻ
ഓയൂർ: വഴിത്തർക്കവുമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിലായി. ഓയൂർ കരിങ്ങന്നൂർ പുത്തൻവിള ഉദയനിവാസിൽ രത്നരാജൻ (63) ആണ് അറസ്റ്റിലായത്. ഓയൂർ കരിങ്ങന്നൂർ മേലവിളവീട്ടിൽ സാവിത്രി (78), മകൾ രജിത (54) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവരെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇരുവീട്ടുകാരും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. മുറ്റമടിച്ചുകൊണ്ടിരുന്ന അമ്മയെയും മകളെയും രത്നരാജൻ അസഭ്യം പറഞ്ഞതാണ് ആക്രമണത്തിൽ കലാശിച്ചത്.
വാക്തർക്കത്തിനിടയിൽ പ്രകോപിതനായ പ്രതി കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് സാവിത്രിയുടെ തോളിൽ അടിച്ചു. മകളുടെ തലയും അടിച്ചുപൊട്ടിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻബാബു, എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ രാജേഷ്, അനിൽ, ഗോപൻ, എസ്.സി.പി.ഒ മാരായ ഷിബുമോൻ, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

