കൊച്ചിയിൽ തോക്ക് ചൂണ്ടി മുളക് സ്പ്രേ അടിച്ച് 80 ലക്ഷം കവർന്നു; യുവാവ് പിടിയിൽ
text_fieldsമരട് (എറണാകുളം): നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർച്ച നടത്തി. ഒരാൾ പിടിയിലായി. എറണാകുളം വടുതല സ്വദേശി സജിയാണ് (30) മരട് പൊലീസിന്റെ പിടിയിലായത്. വൈകീട്ട് മൂന്നരയോടെ കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിലായിരുന്നു സംഭവം.
മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണവുമായി മുങ്ങിയത്. തോപ്പുംപടി സ്വദേശി സുബിന്റേതാണ് സ്റ്റീൽ കമ്പനി. ഇദ്ദേഹത്തിന്റെ മുഖത്ത് മുളക് സ്പ്രേ അടിച്ച കവർച്ചാസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മോഷ്ടാക്കളുടെ കൈവശം വടിവാൾ ഉൾപ്പെടെ ആയുധങ്ങളുണ്ടായിരുന്നു. നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് പൊലീസ് നിഗമനം.
80 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി കിട്ടുമെന്നതായിരുന്നു പദ്ധതി. ‘ട്രേഡ് പ്രോഫിറ്റ് ഫണ്ട്’ എന്ന പേരിലാണ് തട്ടിപ്പ്. പിടിയിലായ സജി വഴി സുബിൻ പരിചയപ്പെട്ട എറണാകുളം സ്വദേശികളായ ജോജി, ജിഷ്ണു എന്നിവരുമായിട്ടായിരുന്നു ഇടപാട്. ഇവർ വൈകീട്ട് മൂന്നോടെ കമ്പനിയിലെത്തി. പണം എണ്ണുന്നതിനിടെ മുഖംമൂടി ധരിച്ച മൂന്നുപേർകൂടി വന്നു. വടിവാൾ വീശിയും തോക്ക് ചൂണ്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ കമ്പനിയിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു.
പണവുമായി സംഘം കുണ്ടന്നൂർ ഭാഗത്തേക്ക് കടന്നു. ബഹളത്തിനിടെ ജോജിയും ജിഷ്ണുവും മുങ്ങി. അങ്കലാപ്പിലായി നിന്നുപോയ സജിയെ സുബിനും ജീവനക്കാരും ചേർന്ന് പൊലീസിൽ ഏൽപിച്ചു. കവർച്ചാസംഘം കടന്നുകളഞ്ഞ സിൽവർ നിറത്തിലുള്ള റിറ്റ്സ് കാറിന്റെ നമ്പർ കറുത്ത തുണികൊണ്ട് മറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

