17കാരിയുടെ പ്രസവം: പീഡിപ്പിച്ചത് ശീതളപാനീയം നൽകിയ ശേഷം, പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി
text_fieldsഇരിട്ടി: പതിനേഴുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശി വള്ളുവപ്പറമ്പിൽ കൃഷ്ണനെ (53) ഉളിക്കൽ സി.ഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തു. ശീതളപാനീയം നൽകിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനോട് പറഞ്ഞു.
ഉളിക്കൽ സ്വദേശിനിയായ പതിനേഴുകാരി ഞായറാഴ്ചയാണ് ഇരിട്ടി താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് ചികിത്സതേടി എത്തിയപ്പോഴായിരുന്നു സംഭവം. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പെൺകുട്ടിയിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉളിക്കൽ പൊലീസ് കൃഷ്ണനെ ബന്ധുവീട്ടിൽ പോകുന്നതിനിടെ പരിക്കളത്ത് വെച്ച് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുമായി അടുപ്പമുളള കൃഷ്ണൻ ഇടക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഇത് മുതലെടുത്താണ് പീഡനമെന്നും പൊലീസ് പറഞ്ഞു.
സി.ഐക്കൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സജേഷ്, പ്രിജേഷ്, ഷഫീഖ്, രജിത് എന്നിവരടങ്ങിയ സംഘമാണ് കൃഷ്ണനെ പിടികൂടിയത്. ഇയാളുടെ പേരിൽ പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.

