പെരിന്തല്‍മണ്ണ: യുവതിയെ പീഡിപ്പിക്കുകയും പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കുന്നപ്പള്ളി തങ്കയത്തില്‍ മുഹമ്മദ് ഷെരീഫിനെയാണ് (38) പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്.
2014ലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പെരിന്തൽമണ്ണയിലെ സ്ഥാപനത്തിന് മുകളില്‍വെച്ച് പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കണമെങ്കില്‍ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് പലപ്പോഴായി 2,64,000 രൂപയും 55 പവനിലേറെ സ്വര്‍ണാഭരണങ്ങളും നല്‍കിയതായും പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
എന്നാൽ, യുവാവ് വിവാഹിതനാണെന്നും ഭാര്യയും കുട്ടികളുമുണ്ടെന്നും മനസ്സിലായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്.സി.പി.ഒ ഫൈസല്‍ കപ്പൂര്‍, സി.പി.ഒ ഷിഹാബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.