ജയിലിൽ കിടക്കാൻ മോഹം; കലക്ടറേറ്റിൽ ‘വ്യാജ ബോംബ്’ ഭീഷണി മുഴക്കിയയാൾ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രമോദ്, ബോംബ് ഭീഷണിയെ തുടർന്ന് കൊല്ലം കലക്ടറേറ്റിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
കൊല്ലം: ജയിലിൽ കിടക്കണം എന്ന ‘ആഗ്രഹം’ മനസ്സിൽവെച്ച് മദ്യലഹരിയിൽ കൊല്ലം കലക്ടറേറ്റിന് ബോംബ് ഭീഷണി മുഴക്കി യുവാവ്. കൊല്ലം മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദാണ് (44) അറസ്റ്റിലായത്. കൊല്ലത്തെ പൊലീസ് സംവിധാനവും ജില്ല ഭരണകൂടവും മണിക്കൂറുകളോളമാണ് വലഞ്ഞത്.
വ്യാഴാഴ്ച രാവിലെ 10ന് പൊലീസ് കൺട്രോൾ റൂമിന്‍റെ 112 എന്ന നമ്പറിൽ എത്തിയ കോളിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ‘ഞാൻ കൊല്ലം കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ട്. നിങ്ങൾക്ക് എന്നെ ട്രേസ് ചെയ്ത് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ 50 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടും’ എന്നാണ് മൊബൈൽ നമ്പറിൽ നിന്ന് വിളിച്ചയാൾ പറഞ്ഞത്. കലക്ടറേറ്റ് പരിധിയുള്ള കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ വിവരം ലഭിച്ചയുടൻ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കുതിച്ചെത്തി.
സിവിൽ സ്റ്റേഷനിൽ മുഴുവൻ നടത്തിയ പരിശോധനയിൽ യാതൊന്നും കണ്ടെത്താനായില്ല. ഇതിനിടയിൽ, ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മയ്യനാട് സ്വദേശിയെ തിരിച്ചറിഞ്ഞു. വെസ്റ്റ് പൊലീസ് സംഘം ഇരവിപുരം പൊലീസിനൊപ്പം ഇയാളെ അന്വേഷിച്ച് എത്തുമ്പോൾ ‘പ്രതീക്ഷിച്ച്’ ഇരുന്ന പോലെ താൻ തന്നെയാണ് വിളിച്ചത് എന്ന് സമ്മതിക്കുകയായിരുന്നു പ്രതി. പിന്നാലെ, സ്റ്റേഷനിൽ എത്തിച്ചുനടത്തിയ ചോദ്യം ചെയ്യലിലാണ് ‘വീട്ടിൽ സൗകര്യമൊന്നും ഇല്ലെന്നും ജയിലിൽ പോകണം’ എന്നും ഇയാൾ പറഞ്ഞത്.
ദിവസങ്ങളായി ഈ തരത്തിൽ മദ്യലഹരിയിലാണെന്നും ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്നുമാണ് വീട്ടുകാർ പറഞ്ഞത്. പ്രതി മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാളെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
മുമ്പ് ബോംബ് സ്ഫോടനം നടന്ന ചരിത്രമുള്ള കൊല്ലം കലക്ടറേറ്റുമായി ബന്ധപ്പെട്ട് ബോംബ് ഭീഷണികൾ എത്തുന്നത് വലിയ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇ-മെയിൽ വഴി നിരവധി തവണ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ കൊല്ലം കലക്ടറേറ്റിൽ എത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെ വ്യാപക പരിശോധന നടത്തുന്നത് പതിവാണെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

