നിരീശ്വരവാദികളുടെ പരിപാടിയിൽ തോക്കുമായി എത്തിയയാൾ കസ്റ്റഡിയിൽ; പരിപാടി നിർത്തിവെച്ചു
text_fieldsകൊച്ചി: കടവന്ത്ര സ്റ്റേഡിയത്തിൽ നടക്കുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ എസ്സൻസ് ഗ്ലോബൽ വിഷൻ പരിപാടിക്കിടെ തോക്കുമായെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. ഉദയംപേരൂർ സ്വദേശി അജീഷാണ് പരിപാടിക്കിടെ തോക്കുമായി എത്തിയത്. സംഭവത്തെ തുടർന്ന് പരിപാടി കുറച്ചുനേരം നിർത്തിവെച്ചു.
സി.പി.എം നേതാവ് വിദ്യാധരൻ കൊലക്കേസിലെ മുഖ്യസാക്ഷിയാണ് അജീഷ്. തനിക്കും പിതാവിനും പ്രതികളിൽ നിന്ന് ഭീഷണി ഉള്ളത്കൊണ്ടാണ് തോക്കുമായി എത്തിയത് എന്നാണ് അജീഷിന്റെ മൊഴി.
ഞായറാഴ്ച രാവിലെ നടന്ന പരിപാടിയിലേക്കാണ് അജീഷ് തോക്കുമായി എത്തിയത്. പിന്നാലെ ആളുകളെ മുഴുവൻ പുറത്തിറക്കി സ്റ്റേഡിയത്തിൽ പൊലീസ് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധന അവസാനിച്ചതിന് ശേഷമാണ് പരിപാടി പുനഃരാരംഭിച്ചത്.
തോക്ക് കൈവശം വെച്ചയാൾക്ക് ലൈസൻസ് ഉണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ''സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. അജ്ഞത കൊണ്ടാണ് യുവാവ് പരിപാടിയിലേക്ക് തോക്കുമായി എത്തിയത്. എല്ലാ ഭാഗവും പരിശോധന നടത്തിയിട്ടുണ്ട്''-പൊലീസ് പറഞ്ഞു.
വിവാദ എഴുത്തുകാരി തസ്‍ലീമ നസ്റീൻ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 7000 പേരെയാണ് പങ്കെടുപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെ 10 മണിമുതലാണ് പരിപാടി തുടങ്ങിയത്. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

