മനുഷ്യ-വന്യജീവി സംഘർഷം; 500 കോടിയുടെ കേന്ദ്ര സഹായം തേടി വീണ്ടും കേരളം
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് ജനവാസകേന്ദ്രങ്ങളിൽ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ സഹായം തേടി കേരളം വീണ്ടും കേന്ദ്രസർക്കാറിന് മുന്നിൽ. മനുഷ്യ-വന്യജീവി സംഘർഷം കുറക്കാനുള്ള പദ്ധതികൾ നടപ്പാക്കാൻ 500 കോടിയുടെ സഹായം ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് കത്ത് നൽകിയത്. പ്രശ്നപരിഹാരത്തിനുള്ള ദീർഘകാല പദ്ധതികൾ ഉൾപ്പെടുത്തിയ വിശദമായ നിർദേശമാണ് സമർപ്പിച്ചിട്ടുള്ളത്.
ഇതേ ആവശ്യത്തിന് അഞ്ചുവർഷ കാലയളവിലേക്ക് 620 കോടിയുടെ പദ്ധതി നേരത്തേ സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് കേന്ദ്രം മടക്കുകയാണുണ്ടായത്. വിവിധ പദ്ധതികളിലൂടെയും അധികവിഭവ സമാഹരണത്തിലൂടെയും ശാസ്ത്രീയവും നൂതനവുമായ സമീപനങ്ങളിലൂടെയും മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണാനായിരുന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ നിർദേശം. എന്നാൽ, വർധിച്ചുവരുന്ന വന്യജീവി ശല്യം പ്രതിരോധിക്കാനുള്ള നടപടികൾക്ക് ഫണ്ടിന്റെ അപര്യാപ്തത തടസ്സമാകുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി വീണ്ടും കേന്ദ്രത്തെ സമീപിച്ചതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. വന്യജീവി ശല്യം നേരിടാൻ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ യോജിച്ച് പദ്ധതികൾ തയാറാക്കാൻ കേന്ദ്ര നിർദേശമുണ്ട്. ഇതോടൊപ്പം എ.ഐ കാമറകൾ, സ്മാർട്ട് റെയിൽ വേലികൾ എന്നിവ സ്ഥാപിക്കാനും സംസ്ഥാനം ആലോചിക്കുന്നു.
എന്നാൽ, കേന്ദ്രസഹായം കൂടി ഉണ്ടെങ്കിലേ ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകാനാകൂ എന്നാണ് കേരള നിലപാട്. വന്യജീവി ശല്യം തടയാൻ ഓരോ വർഷവും നടപ്പാക്കുന്ന പദ്ധതികൾക്കും വന്യമൃഗ ആക്രമണങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരമായും കോടികൾ ആവശ്യമാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ചെലവിട്ടത് കോടികൾ
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജനവാസകേന്ദ്രങ്ങളിലെ വന്യജീവിശല്യം തടയാൻ 62.08 കോടി അനുവദിച്ചു. ഇതിൽ 57.15 കോടി ചെലവഴിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. വനത്തിൽ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനും മുള, ഈറ്റ തുടങ്ങിയ സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ഭക്ഷ്യലഭ്യത ഉറപ്പാക്കാനും 20.34 കോടിയും ചെലവഴിച്ചു. വന്യജീവികൾ മൂലം കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരമായി 11.23 കോടി വിതരണം ചെയ്തതായും രേഖകളുണ്ട്. ഇത്രയും തുക ചെലവഴിച്ചിട്ടും ഏഴ് വർഷത്തിനിടെ എണ്ണൂറിലധികംപേർ വന്യജീവി ആക്രമണത്തിൽ മരിച്ചു. നിരവധിപേർ ഇപ്പോഴും നഷ്ടപരിഹാരം കാത്തിരിക്കുകയും ചെയ്യുന്നു. ജനവാസകേന്ദ്രങ്ങളിൽ വന്യജീവി ഭീഷണി മുമ്പത്തെക്കാൾ വർധിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

