നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയോരത്ത് ഉപേക്ഷിച്ചവര്‍ പിടിയില്‍
text_fieldsമുക്സിദുൽ ഇസ്ലാം, മുഷിദ ഖാത്തൂൻ
പെരുമ്പാവൂർ: നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയോരത്ത് ഉപേക്ഷിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. അസം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31), അസം മുരിയാഗൗവിൽ മുഷിദ ഖാത്തൂൻ (31) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അസമിൽനിന്ന് പിടികൂടിയത്. ഒരുമിച്ച് താമസിക്കുകയായിരുന്ന ഇവർക്ക് ജനിച്ച 10 ദിവസം പ്രായമായ പെൺകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ എട്ടിന് വൈകീട്ട് ആറോടെ പെരുമ്പാവൂർ മുടിക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് തുണിയിൽ പൊതിഞ്ഞ് ബിഗ് ഷോപ്പറിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്തർസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങളിലും താമസ സ്ഥലങ്ങളിലും ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതിനിടെ മേതലയിലെ പ്ലൈവുഡ് കമ്പനിയിൽ അസം സ്വദേശിനിക്ക് സംഭവം നടക്കുന്നതിന് മുമ്പുള്ള ദിവസം കുഞ്ഞ് ജനിച്ചതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കാണാനില്ലെന്ന് മനസ്സിലാക്കിയ പ്രത്യേക സംഘം അസമിലെത്തി.
കുഞ്ഞിന്റെ പരിപാലനത്തെച്ചൊല്ലി പ്രസവത്തിനുമുമ്പേ ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽ പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയിൽ എത്തിയാണ് ഇവിടെ ഉപേക്ഷിച്ചത്. അന്നുതന്നെ അസമിലേക്ക് കടന്നു. ആദ്യ വിവാഹം വേർപ്പെടുത്തി കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുകയായിരുന്നു ഇവർ. പ്രസവ പരിചരണത്തിന് ആശുപത്രിയിൽ പോയിരുന്നില്ല.
ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐ ജോസി എം. ജോൺസൺ, എ.എസ്.ഐമാരായ എൻ.കെ. ബിജു, എൻ.ഡി. ആന്റോ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ. അബ്ദുൾ മനാഫ്, ജിഞ്ചു കെ. മത്തായി, പി. നോബിൾ, ശാന്തി കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

