യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ പിടിയിൽ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsമുക്കം: മുക്കം മാമ്പറ്റയിൽ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ താമസസ്ഥലത്തുവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ പിടിയിൽ. ഉടമ ദേവദാസ് ആണ് തൃശൂർ കുന്നംകുളത്ത് നിന്ന് പിടിയിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂട്ടുപ്രതികളും ഇയാളുടെ സുഹൃത്തുക്കളുമായ റിയാസ്, സുരേഷ് എന്നിവർ ഒളിവിലാണ്. പീഡനശ്രമം ചെറുക്കാൻ കെട്ടിടത്തിൽനിന്ന് ചാടിയ യുവതി ഇടുപ്പെല്ല് പൊട്ടി ആശുപത്രിയിൽ കഴിയുകയാണ്.
പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെയാണ് ദേവദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപമുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടും പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടാത്തത് പ്രതിഷേധത്തിനും സംശയങ്ങൾക്കും ഇടനൽകിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി കേസ് ദുർബലപ്പെടുത്താനും മുൻകൂർ ജാമ്യം ലഭിക്കുന്നതിനും അണിയറ നീക്കം നടക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. സംശയങ്ങൾ ബലപ്പെടുത്തുംവിധമാണ് പൊലീസിന്റെ മെല്ലെപ്പോക്ക്.
പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പരാതിക്കാരിയുടെ ബന്ധുവും സംശയം പ്രകടിപ്പിച്ചു. പ്രതികൾ മൂന്നുപേരും യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ഉപദ്രവിക്കാൻ ശ്രമിച്ചതായും പ്രാണരക്ഷാർഥമാണ് യുവതി കെട്ടിടത്തിൽനിന്ന് ചാടിയതെന്നും ബന്ധു പറഞ്ഞു. മൂന്നു മാസമായി യുവതി ജോലിക്ക് കയറിയിട്ട്. ഹോട്ടൽ ഉടമ ദേവദാസ് ആദ്യം യുവതിയുടെ പിന്നാലെ പ്രലോഭനങ്ങളുമായി നടക്കുകയും വഴങ്ങാതെവന്നതോടെ ബലപ്രയോഗത്തിന് മുതിരുകയായിരുന്നുവെന്നും ഫോണിലേക്ക് മോശം സന്ദേശങ്ങൾ അയച്ചിരുന്നതായും ബന്ധു പറഞ്ഞു. പ്രതികളെ പിടികൂടാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.
ഹോട്ടലുടമയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവും പരാതിക്കാരി പൊലീസിന് കൈമാറി. വീഴ്ചയിൽ സാരമായ പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹോട്ടൽ ഉടമക്കെതിരെ കൂടുതൽ തെളിവുകൾ
മുക്കം: കെട്ടിടത്തിൽനിന്ന് യുവതി ചാടിയ സംഭവത്തിൽ വീഡിയോദൃശ്യങ്ങൾ അടക്കം കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം ഇന്നലെ പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യവും സംഭാഷണവുമാണ് പുറത്തുവിട്ടത്. യുവതിയോട് ബഹളം ഉണ്ടാക്കരുതെന്ന് സംഘം പറയുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കുടുംബം പറഞ്ഞു.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിൽനിന്ന് കണ്ണൂർ സ്വദേശിനിയായ യുവതി ചാടിയത്. സംഭവം. വാടകക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് യുവതി. ഹോട്ടൽ ഉടമയും മറ്റു രണ്ടുപേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. അതേസമയം കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. പ്രതികളെ പിടികൂടാത്തത് സ്വാധീനത്തിന് വഴങ്ങിയാണെന്നും പറയുന്നു.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കോഴിക്കോട്: മുക്കം മാമ്പറ്റയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 28ന് കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് യുവതി കെട്ടിടത്തിൽ നിന്നും ചാടിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വനിത കമീഷൻ അടിയന്തര റിപ്പോർട്ട് തേടി
കോഴിക്കോട്: മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമീഷൻ അടിയന്തര റിപ്പോർട്ട് തേടി. പീഡനത്തിൽ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവതി ഇപ്പോൾ ചികിത്സയിലാണ്. പീഡനശ്രമവുമായി ബന്ധപ്പെട്ട വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്.പിയോട് വനിത കമീഷൻ ആവശ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.