‘മോനെ, ഞാൻ മമ്മൂട്ടിയാണ്’-ശബ്ദങ്ങളുടെ ലോകത്തേക്ക് ആഞ്ചലോയെ ക്ഷണിച്ച് പ്രിയ താരം
text_fieldsആലുവ: ‘മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടി.വിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം...’. ഇത്രയും കാലം നിശബ്ദമായിരുന്ന അവന്റെ കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തി.
അതുകേട്ട് ആഞ്ചലോക്ക് ആദ്യം അമ്പരപ്പ്. അവൻ ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേൾക്കുകയായിരുന്നു. അതാകട്ടെ ആ ഇളംകാതുകളെ കിളിയൊച്ചകളുടെയും താരാട്ടുപാട്ടുകളുടെയും ലോകത്തേക്ക് തുറന്നിട്ടു കൊടുത്തയാളുടെ ശബ്ദവും.
ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്സൺ-ആൻഷ ദമ്പതികളുടെ നാല് വയസ്സുകാരനായ മകൻ ആഞ്ചലോക്ക് ഇത് പുതിയ ലോകമാണ്. ജനനം മുതൽ കേൾവിയില്ലാതെ നിശബ്ദതയുടെ തടവറയിലായിരുന്ന ഈ കുഞ്ഞിന് മോചനമേകിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന, കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി നൽകുന്ന ‘കാതോട് കാതോരം’ പദ്ധതിയാണ്.
സാധാരണ കർഷകനായ ജെയ്സണ് മകന് കേൾവിശക്തി കിട്ടുന്നതിനുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ ചികിത്സക്കായി വേണ്ടിവരുന്ന 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. ആഞ്ചലോയുടെ മാതാവ് ആൻഷ ബന്ധു വഴി ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെയാണ് മകന്റെ ഭാവിയെച്ചൊല്ലിയുള്ള കുടുംബത്തിന്റെ സങ്കടത്തിന് വിരാമമായത്.
രാജഗിരിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി ചുറ്റുമുള്ള ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്. ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. മാസങ്ങൾ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റ് പരിശീലനങ്ങളുടെയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

