‘എന്‍റെ ദീർഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല’; യെച്ചൂരിയുടെ ഓർമകളിൽ മമ്മൂട്ടി
text_fieldsകൊച്ചി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. എന്റെ ദീർഘകാല സുഹൃത്ത് സീതാറാം യെച്ചൂരി ഇനി നമ്മോടൊപ്പമില്ല എന്ന വാർത്ത വേദനിപ്പിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ താൻ ദുഃഖിതനാണെന്നും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയെയാണ് നഷ്ടമായതെന്നും മമ്മൂട്ടി അനുസ്മരിച്ചു.
'എന്റെ ദീർഘകാല സുഹൃത്ത് സീതാറാം യെച്ചൂരി ഇനി നമ്മോടൊപ്പമില്ല എന്ന വാർത്ത എന്നെ വേദനിപ്പിക്കുന്നു. സമർഥനായ രാഷ്ട്രീയ നേതാവ്, അതിശയിപ്പിച്ച മനുഷ്യൻ, എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു സുഹൃത്ത്. ഇതൊക്കെയായിരുന്നു യെച്ചൂരി. ഒരിക്കലും മറക്കാനാവില്ല' -മമ്മൂട്ടി എഫ്.ബി പോസ്റ്റിൽ കുറിച്ചു.
ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

