മാങ്കൂട്ടത്തലിന് ജാമ്യം നിഷേധിച്ചത് എം.എൽ.എ ആയതിനാൽ
text_fieldsതിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം നിഷേധിച്ചത് എം.എൽ.എ ആയതിനാൽ. പദവി ഉപയോഗിച്ച് സ്വാധീനം ചെലുത്താനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് അപേക്ഷ തള്ളിയത്. രാഹുല്‍ ചെയ്ത കുറ്റകൃത്യങ്ങളെ ഉഭയ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എന്ന നിലയില്‍ ലഘൂകരിച്ച് കാണാനാകില്ലെന്നും വ്യക്തമാക്കിയാണ് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറയുടെ ഉത്തരവ്.
വിവാഹിതയയായ യുവതി ഭര്‍ത്താവിനൊപ്പം നാല് ദിവസമാണ് താമസിച്ചത്. എന്നും കൂടെ ഉണ്ടാകുമെന്ന ഉറപ്പ് നല്‍കിയാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത്. തങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായാല്‍ ബന്ധം എന്നും നിലനില്‍ക്കുമെന്നും അതിജീവിതയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാൽ, അതിജീവിത ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ രാഹുല്‍ നിലപാട് മാറ്റി.
ഗര്‍ഭകാലത്തും ബലംപ്രയോഗിച്ച് പീഡനം തുടർന്നു. ഇത് കുഞ്ഞിന് കേടാകുമെന്ന് ഭയന്ന അതിജീവിതയെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. രാഹുലിന്റെ ആത്മഹത്യാഭീഷണിക്ക് വഴങ്ങിയാണ് യുവതി സഹായിയുടെ പക്കല്‍ കൊടുത്തുവിട്ട ഗർഭഛിദ്ര ഗുളിക കഴിക്കാന്‍ തയാറായത്. വീഡിയോ കോളിലൂടെ യുവതി ഗുളിക കഴിച്ച കാര്യം രാഹുല്‍ ഉറപ്പ് വരുത്തിയെന്നും കോടതി ഉത്തരവിലുണ്ട്.
പെരുമാറ്റം മാറി രാഹുല്‍ തിരിച്ചുവന്ന് നല്ല ജീവിതമുണ്ടാകുമെന്ന വിശ്വാസത്തിലാണ് യുവതി പരാതി നല്കാന് തയാറാകാതിരുന്നത്. മാധ്യമ പ്രവര്‍ത്തകയായ ഒരു സുഹൃത്തിന് നല്കിയ ശബ്ദ സന്ദേശം അതിജീവിതയുടെ അനുമതി ഇല്ലാതെയാണ് അവര്‍ പുറത്താക്കിയത്.
ആദ്യ ശാരീരിക ബന്ധം ഉഭയ സമ്മത പ്രകാരമായിരുന്നെങ്കിലും തുടര്‍ന്നുള്ളത് ഭീഷണിയിലൂടെ ആയിരുന്നെന്നും തെളിവുകളുടെ വെളിച്ചത്തില്‍ കോടതി വിലയിരുത്തി. അതേസമയം, രാഹുലിനെതിരെ പ്രോസിക്യൂഷന് പരാമർശിച്ച രണ്ടാമത്തെ കേസ് കോടതി പരിഗണിച്ചില്ല. പ്രതി സ്ഥിരം കുറ്റവാളിയെന്ന് രണ്ടാം എഫ്.ഐ.ആര് മാത്രം പരിഗണിച്ച് പറയാന്‍ കഴിയില്ലെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു. അതിജീവിത മജിസ്ട്രേറ്റിന് നല്കിയ രഹസ്യ മൊഴിയും അവരെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
ഉത്തരവിലെ പ്രധാന ഭാഗങ്ങൾ:
- രാഹുലിന്റേത് ഗുരുതര ലൈംഗിക അതിക്രമം
- പ്രഥമദൃഷ്ട്യാ രാഹുൽ മാങ്കൂട്ടത്തിലിന് കേസിൽ പങ്ക്
- ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കാൻ സാധ്യത
- ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാണാൻ കഴിയില്ല
- ഗര്‍ഭഛിദ്രം യുവതി സ്വയം ചെയ്തതാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചില്ല
- ഭീഷണി മുഴക്കി അതിജീവിതയെ സമ്മര്‍ദ്ദത്തിലാക്കി ഗര്‍ഭഛിദ്രം നടത്തി
- ആദ്യ ശാരീരിക ബന്ധം ഉഭയ സമ്മത പ്രകാരമായിരുന്നെങ്കിലും തുടര്‍ന്നുള്ളത് ഭീഷണിയിലൂടെ ആയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

