മാളുകള്‍ തുറന്നു; മദ്യശാലകളിൽ നിയന്ത്രണം കടുപ്പിച്ചു
text_fieldsലോക്ഡൗൺ ഇളവുകളെ തുടർന്ന് തുറന്ന എറണാകുളം എം.ജി റോഡിലെ സെൻറർ സ്ക്വയർ മാളിൽ എത്തിയവർ (പി. അഭിജിത്ത്)
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്ത് ഷോപ്പിങ് മാളുകള്‍ തുറന്നു. ആഴ്ചയില്‍ ആറുദിവസം രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാളുകളിലേക്കുള്ള പ്രവേശനം. കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
മാളുകൾക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതിയില്ലാത്തതിനാൽ ഇവിടങ്ങളിലെ മൾട്ടിപ്ലക്സുകൾ പ്രവർത്തിക്കില്ല. ഓണവിപണി ലക്ഷ്യമിട്ട് തുണിത്തരങ്ങള്‍ക്കും മറ്റും ആകര്‍ഷണീയമായ ഓഫറുകൾ പല മാളുകളിലും സജ്ജമാക്കിയിട്ടുണ്ട്. മാവേലിയെ ഉൾപ്പെടെ ഒരുക്കിയാണ് പല മാളുകളും തുറക്കൽ ആഘോഷമാക്കിയത്.
അതിനിടെ, മദ്യശാലകളിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. ഒരു ഡോസ് വാക്സിനോ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവർ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളൂ. കടകൾക്കുള്ള മാർഗനിർദേശം മദ്യവിൽപനക്കും ബാധകമാക്കണമെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.