Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാളിയേക്കൽ മറിയുമ്മ...

മാളിയേക്കൽ മറിയുമ്മ എന്ന ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു

text_fields
bookmark_border
മാളിയേക്കൽ മറിയുമ്മ എന്ന ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു
cancel

തലശ്ശേരി: വടക്കെ മലബാറിൽ ആദ്യമായി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ തലശ്ശേരി പഴയ റെയിൽവേ സ്റ്റേഷൻ റോഡിലെ മറിയ മഹലിൽ മാളിയേക്കൽ മറിയുമ്മ (ഇംഗ്ലീഷ് മറിയുമ്മ - 97) ഓർമയായി. മാളിയേക്കൽ തറവാട്ടിലെ തലമുതിർന്ന അംഗമാണ്.

തലശ്ശേരി സഹകരണ ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകീട്ട്‌ ആറിനായിരുന്നു അന്ത്യം. 1938-43 കാലത്ത്‌ തലശ്ശേരി സേക്രഡ്‌ ഹാർട്ട്‌ കോൺവെന്റ്‌ സ്‌കൂളിലെ ഏക മുസ്‍ലിം പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയിൽ നിരന്തര അധിക്ഷേപത്തിനിരയായി.

ഫിഫ്‌ത്ത്‌ ഫോറത്തിൽ പഠിക്കുമ്പോൾ 1943 ൽ ആയിരുന്നു വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. സ്‌ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരത ക്ലാസുകളും നടത്തി.

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയിലെ മുസ്‍ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്‌) യോഗത്തിൽ ഷെയ്‌ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തിൽ മറിയുമ്മ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ഏ​റെ ശ്രദ്ധേയമായിരുന്നു.

തലശ്ശേരി കലാപകാലത്ത്‌ നിരവധി കുടുംബങ്ങൾക്ക്‌ മാളിയേക്കലിൽ അഭയം നൽകാൻ മുൻകൈയെടുത്തു. അസുഖബാധിതയാകുംവരെ 'ഹിന്ദു' പത്രവായന ജീവിതത്തിന്റെ ഭാഗമായിരുന്നു. 1957ലെ തെരഞ്ഞെടുപ്പിൽ വി.ആർ കൃഷ്‌ണയ്യർക്കുവേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ആഭിമുഖ്യം പുലർത്തിയിരുന്ന ഇവർ ഇടതുപക്ഷ - പുരോഗമന ആശയങ്ങളുമായും സഹകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ.വി. അബ്ദുല്ല സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്‌. ഭർത്താവ്‌: പരേതനായ വി.ആർ. മാഹിനലി (റിട്ട.മിലിറ്ററി റിക്രൂട്ട്‌മെന്റ്‌ ഓഫിസർ). മക്കൾ: മാളിയേക്കൽ ആയിഷ, അബ്ദുല്ല (അബ്ബാസ്‌-ബിസിനസ്‌), പരേതരായ മഷൂദ്‌, സാറ. മരുമക്കൾ: മമ്മൂട്ടി (പെരുമ്പാവൂർ), മാണിക്കോത്ത്‌ സാഹിദ, മഹിജ, പരേതനായ ഇ.കെ. ഖാദർ (പാനൂർ). സഹോദരങ്ങൾ: പരേതരായ കുട്ട്യാമു, നഫീസ, മഹമൂദ്‌, മാഹിനലി.

മയ്യിത്ത് മറിയ മഹലിലും മാളിയേക്കൽ തറവാട്ടിലും പൊതു ദർശനത്തിന് വെച്ചു. നൂറ് കണക്കിനാളുകൾ അന്ത്യാഞ്ജലികളർപ്പിക്കാനെത്തി. രാത്രി വൈകി ചിറക്കര അയ്യലത്ത് പള്ളിയിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryEnglishMaliyekal Maryumma
News Summary - Maliyekal Maryumma alias English Maryumma passed away
Next Story