മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യാക്കുറിപ്പ് അന്ന് തന്നെ പരിശോധിക്കണമായിരുന്നു: ഗ്യാനേഷ് കുമാർ വിവാദത്തിൽ എം.കെ. മുനീർ
text_fieldsകോഴിക്കോട്: ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട കെ.എസ്.ടി.പി കേസിലെ മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് അന്ന് തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ. ആത്മഹത്യാക്കുറിപ്പിൽ ഭാര്യക്കും മറ്റൊരു വ്യക്തിക്കും കത്തുകൾ നൽകിയിരുന്നതായും കേരളത്തിൽ ഒരു കാര്യം നടക്കണമെങ്കിൽ ചില പ്രത്യേക രീതികൾ പാലിക്കണമെന്നതടക്കമുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നതായി അന്നത്തെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നുവെന്നും മുനീർ പറഞ്ഞു.
എന്നാൽ എന്തുകൊണ്ടാണ് വിഷയത്തിൽ കൃത്യമായ അന്വേഷണം മുന്നോട്ടുപോകാൻ വൈകിയതെന്ന് അറിയില്ല. അന്നത്തെ സർക്കാർ തന്നെയാണ് ഇക്കാര്യം പരിശോധിക്കേണ്ടിയിരുന്നത്. സംഭവത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ കേരളത്തിൽനിന്ന് മാറ്റുകയും അദ്ദേഹം പിന്നീട് കേന്ദ്ര സർവീസിലേക്ക് പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യാക്കുറിപ്പും സംഭവത്തിന്റെ സാഹചര്യങ്ങളും പരിശോധിക്കേണ്ടതായിരുന്നുവെന്നും മുനീർ പറഞ്ഞു. അന്നത്തെ അന്വേഷണങ്ങളിൽ കൃത്യമായ തെളിവുകൾ ലഭിച്ചില്ലെന്ന നിലപാടുകൾ ഉണ്ടായിരുന്നുവെങ്കിലും, ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്തുള്ള ഗ്യാനേഷ് കുമാർ വീണ്ടും പൊതുചർച്ചയിൽ വന്നതോടെയാണ് പഴയ സംഭവങ്ങളും ചർച്ചയാകുന്നതെന്നും മുനീർ പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് വിവരങ്ങൾ നൽകാനാകില്ല. താൻ അന്ന് ഭരണത്തിന്റെ ഭാഗമായിരുന്നില്ല. ആത്മഹത്യാക്കുറിപ്പ് പോലും നേരിട്ട് കണ്ടിട്ടില്ല. വിജിലൻസും പൊലീസും അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തട്ടെയെന്നും അന്വേഷണം നടക്കുമ്പോൾ സഹകരിക്കാൻ തയ്യാറാണെന്നും മുനീർ വ്യക്തമാക്കി. തന്നെ ലക്ഷ്യമിട്ട് അന്നുണ്ടായ നടപടികൾ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും മുനീർ ആരോപിച്ചു. എന്നാൽ ആത്മഹത്യ നടന്നതിന് ശേഷമുള്ള നടപടികളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ടി.പി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മലേഷ്യൻ കമ്പനിയുടെ ഉദ്യോഗസ്ഥനെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും കമ്പനികളുമായുള്ള ഇടപാടുകളിൽ തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നും മുനീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

