Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയിടംതുരുത്തിലെ...

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിന് 16 വരെ സ്റ്റേ

text_fields
bookmark_border
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിന്   16 വരെ സ്റ്റേ
cancel

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഹൈകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെയാണ് നീട്ടിയത്. റൂറല്‍ എസ്.പി നല്‍കിയ അപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവ് ഇറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്നും വ്യക്തമാക്കി.

ഒഴിപ്പിക്കലിനായി ഹൈകോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ജൂൺ ഒമ്പതിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചത്. കുടിയൊഴിപ്പിക്കലിനായി അഭിഭാഷക കമീഷൻ വീണ്ടും സ്ഥലത്തെത്താനിരിക്കെ അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയോടെ കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ പ്രദേശവാസികളുമായി സമവായ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഒഴിവാക്കണമെന്ന സർക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ട 2.65 ഏക്കറിലാണ് ഉന്നതി കോളനിയിലെ ഏഴ് ദലിത് കുടുംബങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്നത്. എന്നാൽ, ഈ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് പ്രദേശവാസി നൽകിയ കേസിൽ അനുകൂല വിധി ലഭിക്കുകയും, സുപ്രീംകോടതി വരെ അത് ശരിവെക്കുകയും ചെയ്തിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് മുൻസിഫ് കോടതി വഴി കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. എന്നാൽ, പുറമ്പോക്ക് ഭൂമി കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വീണ്ടും സർവേ നടത്തണമെന്നാണ് താമസക്കാരുടെ ആവശ്യം.

നേരത്തെ 15 തവണ അഭിഭാഷക കമീഷൻ കുടിയൊഴിപ്പിക്കലിനായി എത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഒഴിപ്പിക്കൽ ശ്രമം വലിയ സംഘർഷത്തിൽ കലാശിച്ചതോടെയാണ് സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെട്ടത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പകരം ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കാനുള്ള നിർദേശങ്ങൾ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പരിഗണിക്കുന്നുണ്ട്. എങ്കിലും നിലവിലെ ഭൂമി വിട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബങ്ങൾ. ഹൈകോടതി വിധിയിലൂടെ ലഭിച്ച ഈ രണ്ടാഴ്ചത്തെ സാവകാശം, പ്രതിസന്ധി പരിഹരിക്കാനുള്ള സർക്കാറിന്റെ തുടർശ്രമങ്ങൾക്ക് വലിയ സഹായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govthighcourtmalayidam thuruth
News Summary - Malayidanthuruthu Eviction Stayed Until June 16
Next Story