ചൊവ്വയിൽ കേരളത്തെ അടയാളപ്പെടുത്തി മലയാളികൾ; തുമ്പ, വലിയമല, വർക്കല, ബേക്കൽ കോട്ട, പെരിയാർ തുടങ്ങിയവ ഇനി ചൊവ്വയിലും
text_fieldsഡോ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, പ്രഫ. ഡോ. വി.ജെ. രാജേഷ്, ചൊവ്വയുടെ ഉപരിതലത്തിൽ അടയാളപ്പെടുത്തിയ കേരള പേരുകൾ
കൊടുങ്ങല്ലൂർ (തൃശൂർ): ചൊവ്വയിലെ വിവിധ പ്രദേശങ്ങൾ ഇനി കേരളത്തിലെ സ്ഥലനാമങ്ങളിൽ അറിയപ്പെടും. 3.5 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ ഗ്രഹത്തിലെ ഗർത്തവും ഇനിമുതൽ അറിയപ്പെടുക ഇന്ത്യൻ ഭൂഗർഭശാസ്ത്രജ്ഞനായ എം.എസ്. കൃഷ്ണന്റെ പേരിലാണ്. ചൊവ്വ ഗ്രഹത്തിൽ കേരളത്തിന്റേതായ വിവിധ പേരുകൾ നിർദേശിച്ച് അതിന് അംഗീകാരം നേടിയെടുത്ത് അഭിമാനമാവുകയാണ് രണ്ടു മലയാളികൾ.
മതിലകം പുതിയകാവ് സ്വദേശിയും കാസർകോട് ഗവ. കോളജ് ജിയോളജി വിഭാഗം അസി. പ്രഫസറുമായ ഡോ. ആസിഫ് ഇഖ്ബാൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐ.ഐ.എസ്.ടി) പ്രഫ. ഡോ. വി.ജെ. രാജേഷ് എന്നിവരാണ് ചൊവ്വ ഗ്രഹത്തിൽ കേരളത്തിന്റേതായ വിവിധ പേരുകൾ നിർദേശിച്ച് അംഗീകാരം നേടിയെടുത്തത്.
ചൊവ്വ ഗ്രഹത്തിലെ ഗർത്തത്തിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ (ഐ.എ.യു) ‘കൃഷ്ണൻ ക്രേറ്റർ’ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടൊപ്പം കേരളത്തിന്റെ ശാസ്ത്ര-സംസ്കാര പൈതൃകത്തെ ആദരിക്കുന്നതിന്റെ ഭാഗമായി നിർദേശിച്ച അഞ്ചുപേരുകൾക്കും ഐ.എ.യു അംഗീകാരം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വലിയമല (ഹോം ഓഫ് ഐ.ഐ.എസ്.ടി), തുമ്പ (ഹോം ഓഫ് വി.എസ്.എസ്.സി), വർക്കല -ജിയോളജിക്കൽ മൊനുമെൻറ് (വർക്കല ക്ലിഫ്), ബേക്കൽ കോട്ട-ഹിസ്റ്റോറിക്കൽ ബേക്കൽ ഫോർട്ട്), പെരിയാർ വാലീസ് (ഫോർ ദി ചാനൽ വിത്തി ദി പ്ലെയ്ൻ), കൃഷ്ണൻ പാലുസ് (ദി പ്ലെയ്ൻ ഇൻ ഇൻസൈസ് കൃഷ്ണൻ ക്രേറ്റർ) എന്നീ പേരുകളാണ് ഐ.എ.യു അംഗീകരിച്ചത്. കേരളത്തിലെ ഈ സ്ഥലങ്ങൾക്ക് ഇപ്പോൾ ചൊവ്വയിലും സമാന പേരുണ്ട്.
ചൊവ്വയിലെ ഉപരിതല ഭൂരൂപങ്ങൾക്ക് കേരളത്തിൽനിന്നുള്ള പേരുകൾ അംഗീകരിക്കപ്പെടുന്നത് ഇതാദ്യമാണ്. പുതിയകാവ്, മതിലകം, കൊടുങ്ങല്ലൂർ, കൊച്ചി തുടങ്ങിയ സ്ഥലനാമങ്ങളും പ്രമുഖ വ്യക്തിത്വങ്ങളുടെ പേരുകളും ആദ്യഘട്ടത്തിൽ നിർദേശിച്ചിരുന്നെങ്കിലും ഉച്ചാരണത്തിലുള്ള ബുദ്ധിമുട്ടും മാനദണ്ഡങ്ങളും കണക്കിലെടുത്ത് നിരസിക്കുകയായിരുന്നു. മതിലകം പുതിയകാവിലെ കാക്കശ്ശേരി മുഹമ്മദ് ഇഖ്‌ബാലിന്റെയും അധ്യാപിക സൈനയുടെയും മകനാണ് ഡോ. ആസിഫ് ഇക്ബാൽ. ഭാര്യ: ഫർസാന ബീഗം (പിഎച്ച്.ഡി ഗവേഷക ഡെയറി മൈക്രോബയോളജി). മകൻ: ആസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

