സൈബർ തട്ടിപ്പിൽ പാഠം പഠിക്കാതെ മലയാളി
text_fieldsപാലക്കാട്: ഓൺലൈൻ, സൈബർ തട്ടിപ്പുകളുടെ വാർത്ത നിരന്തരം വരുമ്പോഴും പാഠം പഠിക്കാതെ മലയാളികൾ. വെർച്വൽ അറസ്റ്റ്, പാർസലുമായി ബന്ധപ്പെട്ട വ്യാജ കോൾ, ഓൺലൈനായി തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടൽ തുടങ്ങിയ വിവിധ തരം തട്ടിപ്പ് കേസുകളാണ് സൈബർ പൊലീസ് സ്റ്റേഷനുകളിൽ ദിവസവും രജിസ്റ്റർ ചെയ്യപ്പെടുന്നത്.
വിദ്യാസമ്പന്നരാണ് മിക്കവാറും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷം 11,021 കേസുകളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 2020 മുതൽ 2025 നവംബർ വരെയുള്ള കണക്കാണിത്. 2020ൽ 426 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2024ൽ എത്തിയപ്പോഴേക്കും 3581 ആയി. 2025 നവംബർ വരെ 2320 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.
വെർച്വൽ അറസ്റ്റ്, ഓൺലൈൻ തൊഴിൽ വാഗ്ദാനം, ഷെയർ ട്രേഡിങ് എന്നിവയിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പണം നഷ്ടപ്പെടുന്നത്. രാജ്യത്ത് ‘വെർച്വൽ അറസ്റ്റ്’ എന്നൊരു രീതി ഇല്ലെന്ന് അറിയാത്തവരെയാണ് തട്ടിപ്പുകാർ ഇരകളാക്കുന്നത്. തൊഴിൽ വാഗ്ദാനം ചെയ്തും ലക്ഷങ്ങളുടെ തട്ടിപ്പാണ് നടക്കുന്നത്. വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങ് നടത്തി വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചും വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരെ തട്ടിപ്പിൽ വീഴ്ത്തുന്നു.
വാഹനങ്ങളുടെ ചലാൻ അടക്കാനെന്ന പേരിലും വ്യാപകമായി തട്ടിപ്പ് അരങ്ങേറുന്നുണ്ട്. മൊബൈലിൽ വരുന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് പണം നഷ്ടപ്പെടുന്നത്. ട്രാഫിക് നിയമലംഘനം നടത്തിയെന്നും പിഴ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും കാണിച്ചാണ് സന്ദേശം വരുക. ഔദ്യോഗിക സന്ദേശമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവ വരുന്നത് എന്നതിനാൽ വാഹന ഉടമ എളുപ്പത്തിൽ വിശ്വസിക്കുകയും തട്ടിപ്പിൽ അകപ്പെടുകയും ചെയ്യും.
പെട്ടെന്ന് ധാരാളം പണം ലഭിക്കും എന്നതാണ് പലരെയും ഇത്തരം വാഗ്ദാനങ്ങളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ തങ്ങൾ കബളിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോഴേക്കും വൻതുക നഷ്ടപ്പെട്ടിട്ടുണ്ടാകും. പാലക്കാട് ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷം 2455 കേസുകളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 2021ൽ 236, 2022ൽ 313, 2023ൽ 581, 2024ൽ 701, 2025ൽ 624 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇത്രയും കേസുകളിലായി 248 പേരെ അറസ്റ്റ് ചെയ്തു. ഓൺലെെനായി സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

