'ഡിജിറ്റൽ അറസ്റ്റ്' ഡോക്ടറിൽ നിന്ന് 1.19 കോടിയിലധികം രൂപ കവർന്നു; മലയാളി യുവാവ് പിടിയിൽ
text_fieldsകാസർകോട്: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.19 കോടിയിലധികം രൂപ കവർന്ന കേസിൽ മലയാളി യുവാവ് പിടിയിൽ. നീലേശ്വരം സ്വദേശിയായ വയോധികനിൽ നിന്ന് പണം തട്ടിയ കേസിലാണ് മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്തിനെ കാസർകോട് സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് പോലീസ് പിടിയിലായത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ ലുക്കൗട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു.
നീലേശ്വരത്തുള്ള 80 വയസ്സുകാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. 2025 നവംബർ 24 നും ഡിസംബർ 17 നും ഇടയിലാണ് സംഭവം. മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞ് ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട തട്ടിപ്പുസംഘം, ഡോക്ടർ മണി ലോണ്ടറിങ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി അറസ്റ്റ് ഒഴിവാക്കാനും ആർബിഐ പരിശോധനയ്ക്കെന്ന പേരിലും ഘട്ടങ്ങളിലായി 1,19,35,000 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു വാങ്ങുകയായിരുന്നു.
പരാതിയെ തുടർന്ന് കാസർകോട് സൈബർ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഡിസംബർ 17-ന് പരാതിക്കാരന്റെ കനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട 46.25 ലക്ഷം രൂപ നാഗാലാൻഡിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്. തുടർന്ന് ഇതിൽ നിന്ന് 9.60 ലക്ഷം രൂപ ഷംഷാദിന്റെ മഞ്ചേരിയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്ക് മാറ്റി. ഇതിൽ ഒമ്പത് ലക്ഷം രൂപ ഇയാൾ ചെക്ക് മുഖേന പിൻവലിച്ച് ഉപയോഗിച്ചതായും അന്വേഷണസംഘം കണ്ടെത്തി.
പ്രതി വിദേശത്തേക്ക് കടന്നതായി മനസ്സിലാക്കിയ പോലീസ് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. സെപ്റ്റംബർ 17-ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഇയാളെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് സൈബർ പോലീസിന് കൈമാറുകയായിരുന്നു.
കാസർകോട് ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി, ഇൻസ്പെക്ടർ രാജീവൻ കെ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

