ചെങ്കടലിലെ ആക്രമണത്തിൽ കാണാതായ മലയാളി കപ്പൽ ജീവനക്കാരൻ യെമനിൽ നിന്ന് ഭാര്യയെ വിളിച്ചു
text_fieldsആലപ്പുഴ: ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ കാണാതായ കായംകുളം പത്തിയൂർ സ്വദേശി ആര്‍. അനില്‍കുമാര്‍ സുരക്ഷിതൻ. ഭാര്യ ശ്രീജയെ ഫോണിൽ വിളിച്ച് താന്‍ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചു. മകൻ അനുജിനോടും സംസാരിച്ചെങ്കിലും കൂടുതലൊന്നും പറയാതെ വേഗത്തില്‍ ഫോണ്‍ വെച്ചെന്നും കുടുംബം പറഞ്ഞു. യെമന്‍ സൈന്യത്തിന്‍റെ പിടിയിലാണ് അനില്‍ എന്നാണ് സൂചന. ഈ മാസം പത്തിനാണ് ചെങ്കടലില്‍ ഹൂതികള്‍ ചരക്ക് കപ്പൽ ആക്രമിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 നാണ് ശ്രീജയുടെ ഫോണിലേക്ക് അനില്‍കുമാര്‍ വിളിച്ചത്. അനിൽകുമാറിനെ കാണാനില്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കപ്പല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അനില്‍കുമാര്‍ കടലിലേക്ക് ചാടി, മറ്റൊരു കപ്പലില്‍ കയറി രക്ഷപ്പെടുത്തുകയായിരുന്നു. അനില്‍ കുമാറിനെ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കും.
കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്‍റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്ട്രേഷനുള്ള 'ഏറ്റേണിറ്റി സി' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 30 ഓളം ജീവനക്കാർ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഉൾപ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

