വ്ലോഗർ അരുണിമ നാട്ടിലെത്തി; സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്
text_fieldsതിരുവനന്തപുരം: അഫ്ഗാനിസ്താനിലെ ബാമിയാനിൽ താലിബാന്‍റെ പിടിയിലായ ശേഷം നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഇന്ത്യൻ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് മലയാളി ട്രാവൽ വ്ലോഗർ അരുണിമ. ബാമിയാനിൽ കുടുങ്ങിയതിന് ശേഷം ഇന്ത്യൻ എംബസിയും സുരേഷ് ഗോപിയും പിതാവിനെ വിളിച്ച് സംസാരിക്കുകയും പിന്നീട് താനുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അരുണിമ പറയുന്നു. ഇതിന് പിന്നാലെ ബാമിയാനിലെ ഉദ്യോഗസ്ഥർ യുവതി താമസിച്ചിരുന്ന ഹോട്ടലിലെത്തി സുരക്ഷ ഉറപ്പാക്കിയെന്നും അറിയിച്ചു. തുടർന്ന് സുരക്ഷിതമായി കാബൂളിലെ ഇന്ത്യൻ എംബസിയിൽ അരുണിമക്ക് താമസസൗകര്യമൊരുക്കിയിരുന്നു. രാത്രി 12 മണിയോടെയാണ് താൻ ഇന്ത്യൻ എംബസിയിൽ എത്തിയതെന്നും അരുണിമ അറിയിച്ചു.
അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ഇന്ത്യൻ എംബസി ഒരുക്കിയിരുന്നു. അഫ്ഗാനിസ്താനിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കാനോ സമയമാറ്റം വരുത്താനോ സാധിച്ചില്ലെന്നുമാണ് അരുണിമ അറിയിച്ചത്. കാബൂളിൽ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ വിമാനം വൈകിയതും അതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളും അരുണിമ വിവരിച്ചു. വിമാനത്തിൽ താൻ മാത്രമായിരുന്നു സ്ത്രീയായിട്ട് ഉണ്ടായിരുന്നതെന്നും ജീവനക്കാരടക്കം പുരുഷന്‍മാരായിരുന്നുവെന്നും അവർ അറിയിച്ചു. ഇത്തരമൊരു അനുഭവം ആദ്യമായാണ് താൻ നേരിടുന്നതെന്നും യുവതി പറയുന്നു. വൈകാതെ തന്‍റെ യൂട്യൂബിൽ വിമാനത്തിലെയും മറ്റും ദൃശ്യങ്ങൾ ഉൾപ്പെട്ട വ്ലോഗ് പങ്കുവെക്കുമെന്നും അരുണിമ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ 15നാണ് അരുണിമയെ താലിബാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട അടിയന്തര സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഏകദേശം മൂന്ന് മണിക്കൂറിനകം താലിബാൻ അംഗങ്ങളുമായുള്ള ചർച്ചകൾക്കൊടുവിൽ തന്നെ വിട്ടയച്ചതായി അവർ അറിയിക്കുകയായിരുന്നു.
‘ബാക്ക് പാക്കർ അരുണിമ’ എന്ന തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരുണിമ ആദ്യം വിവരം പങ്കുവെച്ചത്. പ്രാദേശിക അധികൃതരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പിന്റെ വിവർത്തനമെന്ന് അവകാശപ്പെട്ട സന്ദേശത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തു. ഔദ്യോഗിക കത്ത് കൈവശമില്ലാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. അഫ്ഗാനിസ്താനിൽ താൻ ബുദ്ധിമുട്ടിലാണെന്നും ബാമിയാനിലാണ് ഉള്ളതെന്നും അരുണിമ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. അറസ്റ്റിന്റെ സാഹചര്യങ്ങളോ തന്നെ കസ്റ്റഡിയിലെടുത്തവരെക്കുറിച്ച വിവരങ്ങളോ ആദ്യ പോസ്റ്റിൽ നൽകിയിരുന്നില്ല. കാബൂളിലെയും ന്യൂഡൽഹിയിലെയും ഇന്ത്യൻ അധികൃതരിൽനിന്നും സംഭവത്തിൽ അന്ന് പ്രതികരണമുണ്ടായില്ല.
പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിശദമായ കുറിപ്പിൽ, സ്ത്രീകൾക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും നിയമം ലംഘിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്നും ബാമിയാനിലെ അധികൃതർ പറഞ്ഞതായി അരുണിമ പറഞ്ഞു. ഓരോ പ്രവിശ്യയിലേക്കും യാത്ര ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമാണെന്നും ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയായതിനാൽ തനിക്ക് പെർമിറ്റ് ലഭിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. ജലാലാബാദിലും ഇതേ കാരണത്താൽ നേരത്തെ പെർമിറ്റ് നിഷേധിച്ചിരുന്നതായും അരുണിമ വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ ഭയന്നുപോയ അരുണിമ ബാമിയാനിലെത്താൻ നേരത്തെ സഹായിച്ചിരുന്ന ഒരാളെ ബന്ധപ്പെട്ട് ഇയാൾ അധികൃതരുമായി സംസാരിച്ചതായും പറഞ്ഞു. പെർമിറ്റ് നേടുകയും ഗൈഡിനൊപ്പം യാത്ര ചെയ്യുകയും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ അനുവദിച്ചെന്നാണ് അരുണിമയുടെ വിശദീകരിച്ചത്. അഫ്ഗാനിസ്താനിൽനിന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് പോകുകയാണെന്ന് അറിയിച്ചപ്പോൾ രാജ്യത്ത് നിയമങ്ങൾ പാലിക്കാതെ ഇത്രയും ദിവസം കഴിഞ്ഞതിനാൽ പിഴ അടക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. പിഴ അടക്കാതെ യാത്ര തുടരാൻ അനുവദിക്കില്ലെന്നും അറിയിച്ചതായി അരുണിമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

