Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഭ്രാന്ത് മാറ്റാൻ കേരളത്തിൽ ചികിത്സയുണ്ട്, ചെലവ് വഹിക്കാം’; മലയാളികളെ അധിക്ഷേപിച്ച പ്രതാപ് സിംഹ മാപ്പ് പറയണമെന്ന് മലയാളി സംഘടന, പൊലീസിൽ പരാതി നൽകി

text_fields
bookmark_border
https://www.madhyamam.com/tags/malayali-association
cancel
camera_alt

മുൻ എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹക്കെതിരെ കുടക് ഹിന്ദു മലയാളി സമാജം നേതാക്കൾ പൊലീസിൽ പരാതി നൽകുന്നു

വിരാജ്പേട്ട്: കേരളത്തെയും മലയാളി സമൂഹത്തെയും അധിക്ഷേപിച്ച് സംസാരിച്ച മൈസൂരു മുൻ എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ കുടക് ഹിന്ദു മലയാളി സമാജം നേതാക്കൾ പൊലീസിൽ പരാതി നൽകി.

പരാമർശങ്ങൾ മലയാളി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ഇടയാക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

വിവാദത്തിൽ പ്രതാപ് സിംഹക്ക് പരിഹാസരൂപേണ മറുപടിയുമായി സമാജം സ്ഥാപക പ്രസിഡന്റ് ശരത് കാന്ത് രംഗത്തെത്തി. കേരളം തെങ്ങിനും കായലുകൾക്കും മാത്രമായി ഒതുങ്ങുന്ന സംസ്ഥാനമല്ലെന്നും മികച്ച ആയുർവേദ ചികിത്സാ സൗകര്യങ്ങൾ കൂടി ഇവിടെയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രതാപ് സിംഹയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ശരത് കാന്തിന്റെ പരിഹാസം. ‘പ്രതാപ് സിംഹാ, കേരളം തെങ്ങും കായലും മാത്രമല്ല. നല്ല ആയുർവേദ ആശുപത്രികളും ഇവിടെയുണ്ട്. താങ്കളുടെ ഭ്രാന്ത് മാറ്റാൻ എന്റെ സ്വന്തം ചെലവിൽ ചികിത്സ ഏർപ്പാടാക്കാം. വരൂ’ -എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുടകിൽ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് പരിപാടിക്കിടെയാണ് പ്രതാപ് സിംഹ കേരളത്തെയും മലയാളികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയത്. കർണാടകയുടെ സംസ്കാരത്തെ മലയാളികൾ തകർക്കുകയാണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളുടെ സാന്നിധ്യം വർധിച്ചുവരികയാണെന്നും അവർ തോന്നിയതുപോലെ പെരുമാറുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമർശം.

ഗുണ്ടൽപേട്ടിന്റെ പകുതിയോളം പ്രദേശം മലയാളികൾ കൈയേറിയെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. കുടകിലും മലയാളികളുടെ അതിരുവിട്ട പെരുമാറ്റം പ്രകടമാണെന്നും ആരോപിച്ചു.

കേരളത്തെ പരിഹസിച്ചുകൊണ്ട് തെങ്ങും കായലുകളും മാത്രമാണ് സംസ്ഥാനത്തിന്റെ പ്രത്യേകതയെന്ന തരത്തിലും അദ്ദേഹം സംസാരിച്ചതായി ആരോപണമുണ്ട്. മലയാളികൾ പൊതുവെ ബുദ്ധിശാലികളാണെന്നാണ് കരുതപ്പെടുന്നതെങ്കിലും സ്വന്തം നാടിന് പുറത്തേക്ക് പോകുമ്പോൾ ആ ബുദ്ധി പ്രകടിപ്പിക്കുന്നില്ലെന്നും പരിഹസിച്ചിരുന്നു.

പ്രതാപ് സിംഹയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് കുടകിലെ മലയാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഭാഷാ സമൂഹത്തെ മുഴുവൻ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ കുടകിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും ജില്ല ഭരണാധികാരിയായ ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിൽ നിവേദനം സമർപ്പിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story