ലീഡ്‌സ് ട്രിനിറ്റി യൂനിവേഴ്സിറ്റിക്ക് ഇനി മലയാളി സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്റ്
text_fieldsതൊടുപുഴ: ബ്രിട്ടീഷ് രാജഭരണത്തിന്റെ പ്രത്യേക അംഗീകാരമുള്ളതും 200 വർഷത്തിലധികം അക്കാദമിക് പാരമ്പര്യമുള്ളതുമായ യു.കെയിലെ പ്രശസ്തമായ ലീഡ്‌സ് ട്രിനിറ്റി യൂനിവേഴ്സിറ്റിക്ക് ഇനി മലയാളി സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്റ്. തൊടുപുഴ സ്വദേശി അഡ്വ. റൊസാരിയോ ടോമാണ് ഈ പദവിയിൽ എത്തിയത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനുമാണ് റൊസാരിയോ.
ബിസിനസ്, കമ്പ്യൂട്ടിങ് ആൻഡ് ഡിജിറ്റൽ ഇൻഡസ്ട്രീസ് (BCDI) ഫാക്കൽറ്റിയുടെ പ്രതിനിധിയായാണ് സ്റ്റുഡന്റ്സ് യൂനിയനിൽ എത്തിയത്. തൊടുപുഴ കോഓപറേറ്റിവ് ലോ കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ സജീവ ഭാരവാഹിയായിരുന്നു. എൽ.എൽ.ബി കഴിഞ്ഞ ശേഷമാണ് ഉപരിപഠനത്തിനായി യു.കെയിലേക്ക് പോയത്.
റൊസാരിയോയുടെ ഈ ചരിത്ര നേട്ടത്തിൽ തനിക്ക് അത്യധികം സന്തോഷമുണ്ടെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളും മറ്റു ഭാരവാഹികളും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
വിദ്യാർഥി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താനും കാമ്പസിൽ നല്ലൊരു മാറ്റം കൊണ്ടുവരാനുമുള്ള മികച്ച അവസരമാണ് തനിക്ക് കൈവന്നതെന്നും വിദ്യാർത്ഥികൾക്കായി മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും റൊസാരിയോ ടോം, സ്റ്റുഡന്റ്സ് യൂനിയൻ വെബ്സൈറ്റിൽ കുറിച്ചു. സ്റ്റുഡന്റ് യൂനിയനിലെ മറ്റ് ഭാരവാഹികളുമായും കോഴ്സ് പ്രതിനിധികളുമായും ചേർന്ന് ശക്തമായ കൂട്ടായ്മക്ക് രൂപംനൽകും. വിദ്യാർഥിസമൂഹത്തിന്റെ ശബ്ദം യൂനിവേഴ്സിറ്റി കൗൺസിലിലും സ്റ്റുഡന്റ് യൂനിയനിലും കൃത്യമായി എത്തിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂനിവേഴ്സിറ്റിയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായും ബോർഡ് ഓഫ് ഗവേണേഴ്സിലെ അംഗവുമാണ് റൊസാരിയോ.
തൊടുപുഴ തോമസ് വില്ലയിൽ തോമാച്ചന്റെയും റീനയുടെയും മകനാണ്. സഹോദരി: റോസ് ടോം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

