'ആ കുഞ്ഞ് ഒറ്റക്കാവില്ല'; മുംബൈ ബോട്ട് അപകടത്തിൽ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ
text_fieldsമുംബൈ: നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികൾ മുംബൈ ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.
അപകടത്തിന് ശേഷം ദമ്പതികളുടെ മകനായ ആറുവയസ്സുകാരൻ ഏബൽ മാത്യുവിനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ കഴിഞ്ഞത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംശയം ഉയർന്നത്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു.
അപകടശേഷം ദമ്പതികളെ രക്ഷാപ്രവർത്തകർ മുംബൈ ഡോക് യാർഡിലേക്കും ഏബൽ മാത്യുവിനെ ഉറാൻ തുറമുഖത്തേക്കുമാണ് എത്തിച്ചത്. ഉറാനിലെ ജെ.എൻ.പി.ടി ആശുപത്രിയിലാണ് ഏബൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്.
നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് യാത്രാ ബോട്ട് മറിഞ്ഞ് 13 പേരാണ് മരിച്ചത്. മരിച്ചവരിൽ 10 യാത്രക്കാരും മൂന്നു പേർ നാവിക ഉദ്യോഗസ്ഥരുമാണ്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടമുണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ എലഫന്റ ദ്വീപിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന നീൽ കമൽ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.
അഞ്ച് ജീവനക്കാർ ഉൾപ്പെടെ ബോട്ടിൽ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 101 പേരെ രക്ഷപ്പെടുത്തി. നേവിയുടെ 11 ബോട്ടുകളും തീരസംരക്ഷണ സേനയുടെ മൂന്ന് ബോട്ടുകളും നാല് ഹെലികോപ്ടറുകളും പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

