മലയാളി ബാലൻ റിയാദിൽ വെള്ളടാങ്കിൽ വീണ് മരിച്ചു
text_fieldsമരിച്ച സയാൻ
റിയാദ്/ഇരിക്കൂർ: മലയാളി ബാലൻ സൗദിയിലെ റിയാദിൽ വെള്ളടാങ്കിൽ വീണുമരിച്ചു. കണ്ണൂർ ഇരിക്കൂർ പട്ടീൽ കെടി ഹൗസിൽ കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെയും സി. മുജീറയുടെയും മകൻ മുഹമ്മദ് സയാനാണ് (8) മരിച്ചത്. പട്ടുവം വാണീവിലാസം എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയും നൂരിയ്യ മദ്‌റസ രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്.
സ്കൂൾ അവധി ചെലവഴിക്കാൻ സന്ദർശക വിസയിൽ ആഴ്ചകൾക്ക് മുൻപാണ് കുടുംബസമേതം റിയാദിൽ പോയത്. താമസിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായടാങ്കിൽ കുട്ടി അബദ്ധത്തിൽ വീണതാണെന്നാണ് കരുതുന്നത്.
സിവിൽ ഡിഫൻസ് യൂണിറ്റെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്കൂൾ തുറക്കുന്നതിനാൽ അടുത്ത മാസം ആദ്യത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
മൃതദേഹം നടപടികൾ പൂർത്തിയാക്കി റിയാദിൽ ഖബറടക്കും. സഹോദരങ്ങൾ: സൈനുദ്ദീൻ (നാലാം ക്ലാസ് വിദ്യാർത്ഥി, പട്ടുവം വാണീവിലാസം എൽപി സ്കൂൾ), സൈദ്.

