Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ...

ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്നു

text_fields
bookmark_border
ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്നു
cancel

ബംഗളൂരു: നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ മലയാളി യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ച് പണവും രേഖകളും അടങ്ങിയ പഴ്സും മൊബൈൽ ഫോണും കവർന്നു. മലപ്പുറം നിലമ്പൂർ പാട്ടരാക്ക പൂളക്കൽ വീട്ടിൽ സഹദ് അലി (24) ആണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രി 8.40ഒാടെ ബംഗളൂരുവിലെ കാർമലാരം റെയിൽവെ സ്​റ്റേഷനിലാണ് സംഭവം.

ഹൂഡിയിലെ ബന്ധുവീട്ടിലെത്തി തിരിച്ച് നാട്ടിലേക്ക് പോകുന്നതിനായാണ് എൻജിനീയറിങ് വിദ്യാർഥി കൂടിയായ സഹദ് അലി കാർമലാരം റെയിൽവെ സ്​റ്റേഷനിലെത്തിയത്. റെയിൽവെ സ്​റ്റേഷനിൽ കൊണ്ടാക്കിയശേഷം ട്രെയിൻ വരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ ബന്ധുക്കൾ മടങ്ങി. യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. സ്​റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന സഹദി​െൻറ അടുത്തേക്ക് മൂന്നുപേരെത്തി ഹിന്ദിയിൽ പത്തു രൂപ കടം ചോദിച്ചു. ഇതിനിടയിൽ മൂന്നുപേരിലൊരാൾ പിന്നിലൂടെ വന്ന് ബലമായി സഹദി​െൻറ പോക്കറ്റിൽനിന്നും പഴ്സും മൊബൈലും പിടിച്ചുവാങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. കവർച്ചാ സംഘത്തിെൻറ പിന്നാലെ പോയ സംഘത്തിലൊരാളെ സഹദ് പിടിച്ചുവെച്ചു. ഇതോടെ പിടിവലിയായി.

പ്ലാറ്റ്​ഫോമി​െൻറ അറ്റത്ത് ആയതിനാൽ വെളിച്ചമുണ്ടായിരുന്നില്ല. മൂവരും ചേർന്ന് സഹദിനെ മർദിച്ചു. പിടിവലിക്കിടയിൽ കൂർത്ത മുനയുള്ള ആയുധം ഉപയോഗിച്ച് സഹദി​െൻറ ഇടതുകൈയിൽ മാരകമായി പരിക്കേൽപ്പിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. സ്​റ്റേഷൻ മാസ്​റ്ററെ ബന്ധപ്പെട്ട് നാട്ടിലേക്ക് വിളിച്ചുപറയുകയായിരുന്നു. തുടർന്ന് ബംഗളൂരുവിലെ ബന്ധുക്കൾ സർജാപുർ റോഡിലെ ആശുപത്രിയിലെത്തിച്ച്​ ചികിത്സ നൽകി. ആഴത്തിൽ മുറിവേറ്റ ഇടതുകൈക്ക്​ 29 തുന്നുകളാണിട്ടത്. 27,000 രൂപയുടെ മൊബൈൽ ഫോണും പഴ്സിലുണ്ടായിരുന്ന 500 രൂപയും പാൻകാർഡ്, ആധാർ കാർഡ്, ലൈസൻസ്, എ.ടി.എം കാർഡ് തുടങ്ങിയവയാണ് നഷ്​​ടപ്പെട്ടത്.

ബെലന്തൂർ സ്​റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസുകാരെത്തി സംഭവം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും ബൈയപ്പനഹള്ളി റെയിൽവെ പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. അന്ന് അർധരാത്രിയോടെ ബൈയപ്പനഹള്ളി റെയിൽവെ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച എഫ്.ഐ.ആർ രജിസ്​റ്റർ െചയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷയുള്ളതിനാൽ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ബസിൽ സഹദ് നാട്ടിലേക്ക് മടങ്ങി. ഹിന്ദി അറിയാത്ത പോലെയാണ് സംസാരിച്ചതെന്നും ചെറുപ്പകാരാണെന്നും സഹദ് പറഞ്ഞു.

കവർച്ചാ സംഭവങ്ങൾ ആവർത്തിച്ചിട്ടും കാർമലാരം റെയിൽവെ സ്​റ്റേഷനിൽ ആവശ്യത്തിന് വെളിച്ചമോ സുരക്ഷയോ ഒരുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ലോക്ക് ഡൗണിനുശേഷം സംഘം ചേർന്ന് ആക്രമിച്ച് പണം കവരുന്ന സംഘവും നഗരത്തിൽ വ്യാപകമാകുകയാണ്. മുമ്പും കാർമലാരം റെയിൽവെ സ്​റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ മലയാളികൾ ഉൾപ്പെടെ ആക്രമണത്തിനിരയായിട്ടുണ്ട്.

Show Full Article
TAGS:robbedbengaluru
Next Story