Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈക്കിളിൽ ലോകം ചുറ്റിയ...

സൈക്കിളിൽ ലോകം ചുറ്റിയ മലയാളി എ.കെ.എ. റഹ്മാൻ അന്തരിച്ചു

text_fields
bookmark_border
Bicycle Traveler AKA Rahman
cancel
camera_alt

എ.കെ.എ. റഹ്മാൻ തന്‍റെ സന്തതസഹചാരിയായ സൈക്കിളിൽ 

കൊടുങ്ങല്ലൂർ: സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി കൊടുങ്ങല്ലൂർ എറിയാട് സ്വദേശി എ.കെ.എ. റഹ്മാൻ എന്ന അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊടുങ്ങല്ലൂർ കാരൂർ മഠത്തിന് സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടിൽ നിന്ന് ചേരമാൻ ജുമാ മസ്ജിദിൽ എത്തിക്കുന്ന ഭൗതികശരീരം ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

അസാധാരണമായ പലതും ഉൾചേർന്ന സവിശേഷ ജീവിതത്തിലെ ഓർമകൾ സമൂഹത്തിന് സമർപ്പിച്ചാണ് എ.കെ.എ. റഹ്മാന്‍റെ അന്ത്യയാത്ര.​ ‘സൈക്കിളിൽ ലോകം ചുറ്റിയ സഞ്ചാരി’ എന്ന വിശേഷണമാണ്​ ഇതിൽ പ്രധാനം. ഈ അത്​ഭുതത്തോടൊപ്പം കൗതുകങ്ങളും നിറഞ്ഞതാണ്​ പ്രായാധിക്യത്തിലും ഊർജസ്വലമായ മനസോടെ ലോകത്തെത്തും സമുഹത്തെയും വീക്ഷിച്ചിരുന്ന റഹ്മാന്‍റെ ജീവിതം.

ജീവിത സഞ്ചാരത്തിനിടയിലും മനസിൽ തടയുന്ന ആശയങ്ങൾ തന്‍റേതായ ഭാഷയിൽ പുസ്തകങ്ങളാക്കി മാറ്റുക റഹ്മാന്‍റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ചെറുപുസ്​തകങ്ങൾ ഈ ലോക സഞ്ചാരി സൈക്കിളിൽ സഞ്ചരിച്ചും മറ്റുവഴികളിലൂടെയും ത​ന്‍റെ വായന വൃന്ദങ്ങളിലെത്തിക്കുമായിരുന്നു. 2019ൽ കൊടുങ്ങല്ലൂരിൽ റഹ്മാന് നൽകിയ പൗരസ്വീകരണ ചടങ്ങ്​ 200-ാമത്തെ​ പുസ്​കത്തി​ന്‍റെ പ്രകാശന വേദി കൂടിയായിരുന്നു.

‘സാർവലൗകിക ആശയങ്ങൾ സമന്വയിക്കുന്ന വ്യക്​തിത്വമായ റഹ്മാ​ന്‍റെ ചെറിയ പുസ്​തകങ്ങൾ വലിയ ആശയങ്ങളുടെ ലോകമാണെന്നാണ്​’ ചടങ്ങിൽ ജസ്​റ്റിസ്​ കെ. സുകുമാരൻ അഭിപ്രായപ്പെട്ടത്​. റഹ്മാ​ന്‍റെ സഞ്ചാര വിവരണമായ രണ്ട്​ പുസ്​തകങ്ങളുടെ അവതാരിക എഴുതിയത്​ സി. അച്യുതമേനോനും പ്രകാശനം നിർവഹിച്ചത്​ സുകുമാർ അഴീക്കോടുമാണ്​.

1983 മുതൽ 1988 വരെയായിരുന്നു സൈക്കിളിൽ അഞ്ച്​ ഭൂഖണ്ഡങ്ങൾ ചുറ്റിയ റഹ്മാന്‍റെ ലോകസഞ്ചാരം. കെനിയയിൽ നിന്നായിരുന്നു തുടക്കം. ധനതത്വശാസ്​ത്രത്തിൽ എം.എ. ബിരുദാനന്തര ബിരുദധാരിയായ റഹ്മാൻ ജോലി അന്വേഷണത്തിനിടെയാണ്​ കെനിയയിൽ എത്തിയത്​. എളുപ്പം അധ്യാപക ജോലി കിട്ടുമെന്നറിഞ്ഞാണ്​ ​അങ്ങോട്ട്​ പോയത്,. എന്നാൽ ജോലി ലഭിച്ചില്ല. ഒടുവിൽ അവിടെ ചുറ്റി തിരിയു​ന്നതിനിടെ ജയിലിലുമായി. ഒടുവിലൊരു ഉദ്യോഗസ്ഥൻ റഹ്മാന്‍റെ കാര്യങ്ങൾ അറിഞ്ഞതോടെ വിട്ടയച്ചു.

ഇതിനിടെയാണ് കെനിയയിൽ വെച്ച് സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ ആന്ധ്രാപ്രാദേശ്​ സ്വദേശി മോഹൻകുമാറിനെ പരിചയപ്പെട്ടത്. ആ പ്രചോദനത്തിൽ നിന്നായിരുന്നു ലോക സൈക്കിൾ യാത്രയുടെ തുടക്കം. കെനിയ, ഉഗാണ്ട, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇരുവരും ഒന്നിച്ചാണ് സൈക്കിളിൽ കറങ്ങിയത്. തുടർന്ന് റഹ്മാൻ തനിച്ചായിരുന്നു സഞ്ചാരം. പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ ആദ്യഘട്ടയാത്ര അവസാനിപ്പിച്ച റഹ്മാൻ നാട്ടിലേക്ക് തിരിച്ചു. എന്നാൽ, യാത്രാനുഭവങ്ങളിൽ വെമ്പുന്ന മനസുമായി കഴിഞ്ഞ റഹ്മാൻ അധികം കഴിയും മുമ്പേ പാകിസ്താൻ വഴി ലോകസഞ്ചാരം തുടർന്നു.

അമേരിക്കയും ഇംഗ്ലണ്ടും ഉൾപ്പെടെ സഞ്ചരിച്ചായിരുന്നു ഈ ലോക സഞ്ചാരിയുടെ മടക്കം. യാത്രക്കിടയിൽ എട്ട്​​ രാജ്യങ്ങളിലെ വ്യത്യസ്​തമായ റമദാൻ അനുഭവങ്ങളും ഒരിക്കൽ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. നാട്ടിലെത്തി കൊടുങ്ങല്ലൂരിൽ പണികഴിപ്പിച്ച വീടിന് 'യാത്ര' എന്നാണ് അദ്ദേഹം നാമകരണം ചെയ്തത്. തിക്താനുഭവങ്ങളും പ്രതിസന്ധികളും അതിജീവിച്ചും സന്തോഷകരമായ അനുഭവങ്ങൾ നെഞ്ചേറ്റിയും ലോക ജീവിതത്തെയും സംസ്കാരത്തെയും തൊട്ടറിഞ്ഞ ആ ലോക യാത്രികനെ ജന്മനാട് എന്നും അത്ഭുതത്തോടെയായിരുന്നു കണ്ടത്.

പ്രായാധിക്യം ശരീരത്തെ ക്ഷീണിപ്പിക്കുന്നത് വരെ നാട്ടിലും തന്‍റെ സന്തത സഹചാരിയായ സൈക്കിളിൽ ചുറ്റി കറങ്ങിയിരുന്ന എ.കെ.എ. റഹ്മാൻ നാട്യങ്ങളില്ലാത്ത നാട്ടുകാരനായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നും പുറത്തിറക്കിയിരുന്ന 'ദേശീയോദ്ഗ്രഥനം' എന്ന പ്രസിദ്ധികരണത്തിന്‍റെ പത്രാധിപരായിരുന്നു. ഭാര്യ കാട്ടകത്ത് കൊല്ലിക്കുറ ആശ. മക്കൾ: സുനീർ, അജീർ. മരുമക്കൾ: സെറീന, ഫസിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AKA RahmanBicycle riderBicycle TravelerObituary
News Summary - Malayali AKA Rahman, who traveled the world on a bicycle, passes away
Next Story