
മലയാളികൾ മറ്റുള്ളവർക്ക് മുമ്പിൽ തലകുനിക്കേണ്ട അവസ്ഥ -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsകോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യം ജീവവായുവായി കാണുന്ന മലയാളികൾ മറ്റുള്ളവർക്ക് മുമ്പിൽ തലകുനിക്കേണ്ട അവസ്ഥ വന്നിരിക്കുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. രാജ്യത്തുടനീളം നടക്കുന്ന പൗരാവകാശ ലംഘനങ്ങൾക്കെതിരെ നിരന്തരം ശബ്ദിക്കുന്നവരാണ് നാം. അതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന നാടാണ് കേരളം. കേരള പൊലീസ് ആക്ട് ഭേദഗതി വരുത്തിയത് (118 എ) അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ഫോർത്ത് എസ്റ്റേറ്റ് എന്നറിപ്പെടുന്ന സോഷ്യൽ മീഡിയക്കും കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സർക്കാർ നടപ്പാക്കുന്നു. ആരോഗ്യകരമായ സംവാദങ്ങളെ പോലും ഭരണകൂടം ഭയക്കുന്നു എന്നതിെൻറ തെളിവാണിത്.
കേന്ദ്രത്തിൽ ഓൺലൈൻ മാധ്യമങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, മറ്റ് മാധ്യമ സ്ഥാപനങ്ങളെയുമൊക്കെ മൂക്കുകയറിടാൻ മോദി സർക്കാർ ശ്രമിക്കുന്ന ഈ കാലത്ത് കേരളത്തിലും അതേമാർഗം മറ്റൊരു വഴിയിലൂടെ നടപ്പാക്കുന്നു. 118 എ വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന രൂപത്തിലാണ് ഭേദഗതി. ഇത് ദുരുപയോഗിക്കപ്പെടും എന്ന കാര്യത്തിൽ ഒരു സംശയുമില്ല. ഈ ഭേദഗതി സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.